തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ മുതലെടുപ്പാണ് ഇത്തരം നീക്കങ്ങളെന്നും കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല ഇതെന്നും മന്ത്രി പറഞ്ഞു.(Don’t interfere in personal matters, Minister KB Ganesh Kumar on the rumors)
ആരോപണങ്ങൾ ശരിയാണെങ്കിലും അല്ലെങ്കിലും അത് തന്റെ വ്യക്തിപരമായ കാര്യമാണ്. പ്രണയം ഒരു കുറ്റമല്ലെന്നും അത് എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു മികച്ച പൊതുപ്രവർത്തകനാണ്, അഴിമതി നടത്തിയിട്ടില്ല. മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും നേരെ ഉണ്ടായിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.
കുടുംബത്തിനുള്ളിൽ തന്നെ തനിക്ക് ശത്രുക്കളുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എങ്കിലും പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെ കൃത്യമായി അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണെന്ന് ഗണേഷ്കുമാർ പറഞ്ഞു. സുകുമാരൻ നായർക്കൊപ്പം നിഴലായി നിൽക്കണമെന്നാണ് അന്തരിച്ച പിതാവ് തന്നോട് അവസാനമായി ആവശ്യപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടാൽ ആ നിമിഷം മന്ത്രിസ്ഥാനം രാജിവെക്കാൻ തയ്യാറാണെന്നും പത്തനാപുരം താലൂക്ക് യൂണിയൻ നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വ്യക്തിജീവിതത്തിൽ ഇടപെടാൻ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്ക് അവകാശമില്ലെന്ന് മന്ത്രി തിരിച്ചടിച്ചു. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് അവർ തീർക്കുന്നതെന്നും വട്ട് മൂത്താൽ ആരും ഇങ്ങനെയൊക്കെ പരാതിപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു.

