കൊച്ചി: കേരള മനസ്സാക്ഷിയെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. സാമ്പത്തിക അഭിവൃദ്ധിക്കായി പദ്മയെ ആഭിചാര പൂജയുടെ ഭാഗമായി ബലി നൽകിയ കേസിലാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം തുടങ്ങുന്നത്. ജഡ്ജി ടി. മധുസൂദനൻ കേസ് പരിഗണിക്കും.(Elanthoor human sacrifice case that shook Kerala, Trial begins today)
എറണാകുളം ഫാത്തിമ മാത പള്ളി റോഡിൽ താമസിച്ചിരുന്ന പദ്മയെ കൊലപ്പെടുത്തിയ കേസിൽ പദ്മയുടെ സഹോദരി പളനിയമ്മയുടെ വിചാരണയാണ് ഇന്ന് നടക്കുക. കടവന്ത്ര സ്വദേശിനി റോസ്‌ലിനെ (49) കൊലപ്പെടുത്തിയ കേസിൽ ഈ മാസം 12-ന് വിചാരണ തുടങ്ങും. അന്ന് റോസ്‌ലിന്റെ മകളെ വിസ്തരിക്കും.
മുഹമ്മദ് ഷാഫി, പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ കോടതിയിൽ ഹാജരാക്കും. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. അജകുമാർ വാദിഭാഗത്തിനായി ഹാജരാകും. 2022 ഒക്ടോബറിലാണ് നാടിനെ ഞെട്ടിച്ച കൊലപാതക വിവരങ്ങൾ പുറത്തുവരുന്നത്. കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത തിരോധാനക്കേസ് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന നരബലി വിവരങ്ങൾ പുറത്തായത്. സിനിമയിൽ അഭിനയിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ വാഗ്ദാനം നൽകിയാണ് ഷാഫി ഇരകളെ ഇലന്തൂരിലെത്തിച്ചത്.

