കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിന് പിന്നാലെ നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. മമ്മൂട്ടിയെ ആരും ക്ഷണിച്ചു വരുത്തിയതല്ലെന്നും സ്വമേധയാ എത്തിയ അദ്ദേഹത്തിന് പിന്നാലെ രാഷ്ട്രീയ ലാഭത്തിനായി നേതാക്കൾ കൂടിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.(Cyber attack against Mammootty, Congress leaders support the actor)
മമ്മൂട്ടിയെ ആരും വയനാട് ടൗൺഷിപ്പ് കാണാൻ ക്ഷണിച്ചതല്ല. അദ്ദേഹം സ്വമേധയാ വന്നതാണ്. നേതാക്കൾ അദ്ദേഹത്തിന്റെ പിന്നാലെ കൂടി അതിനെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചപ്പോഴാണ് ശകാരം കേൾക്കേണ്ടി വന്നത്. മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വം ഉടൻ നിർദ്ദേശം നൽകണം എന്നാണ് ദീപ്തി മേരി വർഗീസ് പറഞ്ഞത്.
ഒരു സ്വകാര്യ സന്ദർശനത്തെ രാഷ്ട്രീയമായി ചിത്രീകരിക്കാൻ ശ്രമിച്ച സി.പി.എം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ മമ്മൂട്ടി പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്നാണ് അബിൻ വർക്കിയുടെ പ്രതികരണം. വയനാട്ടിലെ ടൗൺഷിപ്പ് പണം ജനങ്ങളുടേതാണെന്ന് അദ്ദേഹം പച്ചയ്ക്ക് പറഞ്ഞു. സൈബർ ആക്രമണം നടത്തി അങ്ങ് തീർക്കാം എന്ന് കരുതാമെന്ന് ആരും വിചാരിക്കേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

