കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് ഭരണം പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.(UDF Will come to power by winning more than 100 seats, says KC Venugopal)
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹതയ്ക്കും വിജയസാധ്യതയ്ക്കും മാത്രമായിരിക്കും മുൻഗണന നൽകുക. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’ ജനങ്ങൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. സർക്കാരിനെതിരായ ജനവികാരത്തെ ഒരുമിപ്പിക്കാൻ ഈ യാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാൻ രാഹുൽ ഗാന്ധിയും കേരളത്തിലെത്തും. ജി. സുധാകരനുമായി കോൺഗ്രസ് യാതൊരു ചർച്ചയും നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

