ടെഹ്റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇസ്രയേൽ-ഇറാൻ യുദ്ധം എട്ടാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇറാന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ പ്രതിരോധ സംവിധാനങ്ങൾ തകർന്നതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(War in the Middle Asia, Israel-Iran conflict enters eighth day)
യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ വലിയ മനുഷ്യജീവഹാനിയാണ് ഉണ്ടായിരിക്കുന്നത്. ഇറാനിൽ ഇതുവരെ 1332 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ നീക്കങ്ങളിൽ 217 പേർ കൊല്ലപ്പെട്ടു.
തെക്കൻ ഇസ്രയേലിലും തലസ്ഥാനമായ ടെൽ അവീവിലും ഇറാൻ മിസൈൽ ആക്രമണം നടത്തി. എന്നാൽ മിക്ക മിസൈലുകളെയും തങ്ങളുടെ പ്രതിരോധ സംവിധാനം വഴി തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. പലയിടങ്ങളിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായിട്ടുണ്ട്. യുദ്ധം അവസാനിക്കാൻ ഇറാന്റെ നിരുപാധികമായ കീഴടങ്ങൽ വേണമെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾ ട്രംപ് പ്രഖ്യാപിച്ചു. അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണം നാലിരട്ടിയായി വർധിപ്പിക്കാൻ പ്രമുഖ പ്രതിരോധ കമ്പനികളുമായി വൈറ്റ് ഹൗസ് കരാറിലെത്തി.

