ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത വൻ യുദ്ധത്തിലേക്ക് നീങ്ങുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരത്തെ തകർക്കുമെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഒരു കോടിയോളം ഇന്ത്യക്കാരുടെ സുരക്ഷയിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.(PM Modi’s silence will destroy India’s international standing, says Rahul Gandhi)
ആഗോള പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ ശബ്ദം കേൾക്കാത്തത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. വിദേശനയത്തിന്റെ അടിസ്ഥാനമായ സമാധാനപരമായ പരിഹാരങ്ങൾക്ക് ഇന്ത്യ മുൻകൈ എടുക്കണം. ഇറാന് നേരെ നടന്ന ഏകപക്ഷീയമായ ആക്രമണങ്ങളെയും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങളെയും ഒരുപോലെ അപലപിക്കണം. അക്രമം അക്രമത്തെ മാത്രമേ ജനിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പാരമ്പര്യമായ ചേരിചേരാ നയവും സമാധാന താൽപ്പര്യങ്ങളും ഉയർത്തിപ്പിടിക്കാൻ സർക്കാർ തയ്യാറാകണം. ഒരു രാഷ്ട്രത്തലവനെ വധിക്കുന്നത് ലോകക്രമമായി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

