പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തെ സമീപിച്ചു. വ്യക്തിപരമായ കാരണങ്ങളും കുടുംബപരമായ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടി നേതാക്കളെ വിവരം അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തതായാണ് വിവരം.(Veena George’s Husband approaches CPM leadership asking to not let her contest)
ആറന്മുളയിൽ വീണാ ജോർജിന്റെ പേര് മാത്രം സ്ഥാനാർത്ഥിയായി ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറി കൂടിയായ ജോർജ് ജോസഫ്, സംസ്ഥാന-ജില്ലാ നേതാക്കളോട് നേരിട്ടും ഫോണിലൂടെയുമാണ് തന്റെ ആവശ്യം ഉന്നയിച്ചത്. യോഗത്തിൽ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ഈ വിവരം സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ, സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. ജോർജ് ജോസഫ് ഉന്നയിച്ച കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാൻ മന്ത്രിയോടും ഭർത്താവിനോടും പാർട്ടി ഔദ്യോഗികമായി വിശദീകരണം തേടിയേക്കും. നിലവിൽ കണ്ണൂരിൽ കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണാ ജോർജ് വീട്ടിൽ വിശ്രമത്തിലാണ്.

