അബുദാബി: ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായും ഇതിന്റെ അവശിഷ്ടങ്ങൾ വീണ് അബുദാബിയിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടതായും യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു (UAE Reserves Right To Respond Iran Attack). ജനവാസ മേഖലയിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. സിവിലിയൻ കേന്ദ്രങ്ങളെയും ദേശീയ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ഈ ‘ഭീരുത്വപരമായ’ നീക്കത്തെ ശക്തമായി അപലപിച്ച യുഎഇ, രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തിന് അനുയോജ്യമായ സമയത്ത് തിരിച്ചടി നൽകാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാൻ നടത്തിയിരിക്കുന്നതെന്നും മേഖലയിലെ സമാധാനം തകർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും യുഎഇ പ്രസ്താവനയിൽ പറഞ്ഞു. ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണ്. ആക്രമണത്തെത്തുടർന്ന് അബുദാബിയിൽ കനത്ത സുരക്ഷാ ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിലും ഇറാനിലും അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന സൈനിക നീക്കത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് യുഎഇക്ക് നേരെ ഈ ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ട ഏഷ്യൻ വംശജൻ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ലെങ്കിലും ആയിരക്കണക്കിന് മലയാളി പ്രവാസികൾ താമസിക്കുന്ന അബുദാബിയിൽ ഈ വാർത്ത വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യുഎഇ തങ്ങളുടെ വ്യോമപാത ഭാഗികമായി അടയ്ക്കുകയും വിമാന സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തു. അമേരിക്കൻ സൈനിക താവളങ്ങളുള്ള മറ്റ് ഗൾഫ് രാജ്യങ്ങളും ഇറാന്റെ ആക്രമണ ഭീഷണിയിലാണ്. നിലവിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരും പ്രവാസികളും ജാഗ്രത പാലിക്കണമെന്നും യുഎഇ അധികൃതർ അറിയിച്ചു.

