തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന പരാതിയിൽ മന്ത്രി സജി ചെറിയാന് അനുകൂലമായി ക്രൈം ബ്രാഞ്ച് വീണ്ടും റിപ്പോർട്ട് നൽകി (Saji Cheriyan Constitution Speech Case). തുടരന്വേഷണത്തിലും മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ, കേസ് എഴുതിത്തള്ളാനുള്ള ഈ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവി മടക്കി അയച്ചു. അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വിവാദ പ്രസംഗം ഫേസ്ബുക്കിൽ ലൈവ് ചെയ്ത മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കൂടാതെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടും നശിപ്പിക്കപ്പെട്ട നിലയിലാണ്. ആവശ്യമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കാൻ പോലീസ് നീക്കം നടത്തിയത്. നേരത്തെ ഇതേ കേസിൽ പോലീസ് നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്.
പത്തനംതിട്ട മല്ലപ്പള്ളിയിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ അവഹേളിച്ചു എന്ന പരാതിയെത്തുടർന്ന് സജി ചെറിയാന് നേരത്തെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. പിന്നീട് പോലീസ് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് അദ്ദേഹം വീണ്ടും മന്ത്രിസഭയിൽ തിരിച്ചെത്തിയത്. എന്നാൽ പുതിയ അന്വേഷണ റിപ്പോർട്ടും വിവാദമായതോടെ സർക്കാരും പോലീസും പ്രതിരോധത്തിലായിരിക്കുകയാണ്. കേസിൽ കൃത്യമായ തെളിവുകൾ ശേഖരിക്കണമെന്ന് ക്രൈം ബ്രാഞ്ച് മേധാവി നിർദ്ദേശിച്ചതോടെ അന്വേഷണം വീണ്ടും നീളാനാണ് സാധ്യത.

