കൊച്ചി: കലൂർ-ദേശാഭിമാനി റോഡിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് പരിക്കേറ്റത്. പുലർച്ചെയോടെയാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(Attempt to injure police officer by hitting him with a car in Kochi)
നോർത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാർ എത്തിയത്. പരിശോധനയ്ക്കായി കാർ വേഗത കുറച്ചെങ്കിലും, പെട്ടെന്ന് ഉദ്യോഗസ്ഥർക്ക് നേരെ അതിവേഗത്തിൽ പാഞ്ഞടുക്കുകയായിരുന്നു. മുന്നിൽ നിന്ന സന്തോഷിനെ ഇടിച്ചതോടെ അദ്ദേഹം കാറിന്റെ ബോണറ്റിലേക്ക് വീണു.
ബോണറ്റിൽ ഉദ്യോഗസ്ഥനുമായി കാർ 20 മീറ്ററോളം മുന്നോട്ട് പാഞ്ഞു. തുടർന്ന് ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടതോടെ സന്തോഷ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തെറിച്ചു വീണ ഉദ്യോഗസ്ഥന്റെ കാലിന് സാരമായ ക്ഷതവും തലയ്ക്ക് പരിക്കുമേറ്റിട്ടുണ്ട്.
കാറിൽ കടന്നുകളഞ്ഞ പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കാറിൽ ലഹരിമരുന്നുകൾ ഉണ്ടായിരുന്നതിനാലാണോ പോലീസ് പരിശോധന വെട്ടിച്ച് കടന്നുകളഞ്ഞതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കാർ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

