തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവം മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ. ഷംസീറും ചേർന്ന് തയ്യാറാക്കിയ തിരക്കഥയാണെന്ന് കെ. മുരളീധരൻ. മന്ത്രിയുടെ പരിക്ക് വ്യാജമാണെന്നും എയിംസിലെ വിദഗ്ധ ഡോക്ടർമാരെ എത്തിച്ച് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(The minister is also good at acting, K Muraleedharan on attack against Veena George)
വാർത്ത വായിക്കുന്ന പോലെ തന്നെ അഭിനയത്തിലും മന്ത്രി മിടുക്കിയാണ്. മികച്ച അഭിനയത്തിനുള്ള അവാർഡ് മന്ത്രിക്ക് നൽകണം. ഒന്നാം പ്ലാറ്റ്‌ഫോമിൽ ചിരിച്ചു കൊണ്ടു നിന്ന മന്ത്രി മൂന്നാം പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ എങ്ങനെയാണ് കഴുത്തിന് വേദനയുണ്ടായത് എന്ന് മുരളീധരൻ ചോദിച്ചു.
സ്പീക്കർ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചതിന് ശേഷമാണ് മന്ത്രിക്ക് പെട്ടെന്ന് കഴുത്തുവേദന വന്നത്. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും പോയിട്ടില്ല. മറിച്ച് മന്ത്രി അങ്ങോട്ട് കയറിപ്പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് തിരക്കഥയുടെ ഭാഗമാണ്. പരിയാരം ഇപ്പോൾ ഒരു മെഡിക്കൽ കോളേജ് അല്ല, മറിച്ച് സി.പി.എമ്മിന്റെ പാർട്ടി ഓഫീസാണെന്നും മുരളീധരൻ വിമർശിച്ചു. സ്പീക്കർ എ.എൻ. ഷംസീർ ഒരു ഡി.വൈ.എഫ്.ഐ നേതാവിന്റെ നിലവാരത്തിലേക്ക് താഴരുതെന്ന് മുരളീധരൻ ഓർമ്മിപ്പിച്ചു.

