ഭുവനേശ്വർ: അഴിമതി കേസിൽ അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് നാല് കോടിയിലേറെ രൂപ പിടിച്ചെടുത്തു. ഒഡിഷ മൈൻസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തിയുടെ വീട്ടിൽ നിന്നാണ് ട്രോളി ബാഗുകളിൽ സൂക്ഷിച്ച നിലയിൽ നോട്ടുകെട്ടുകൾ വിജിലൻസ് കണ്ടെടുത്തത്. ഒഡിഷയിലെ അഴിമതി വിരുദ്ധ ഏജൻസി ഇതുവരെ പിടിച്ചെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തുകയാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.(Caught while accepting a bribe, Rs 4 crore found in trolley bags at government official’s house!)
ലൈസൻസുള്ള ഒരു കൽക്കരി വ്യാപാരിയിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് വിജിലൻസ് മൊഹന്തിയെ പിടികൂടിയത്. ഭുവനേശ്വറിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലാണ് 4.01 കോടി രൂപ പിടിച്ചെടുത്തത്. ഇതുകൂടാതെ ഇയാളുടെ ഓഫീസ് ഡ്രോയറിൽ നിന്ന് 1.20 ലക്ഷം രൂപയും കണ്ടെടുത്തു.
ഭുവനേശ്വറിൽ കൊട്ടാരസമാനമായ ഇരുനില വീട്, 130 ഗ്രാം സ്വർണ്ണം എന്നിവയും റെയ്ഡിൽ കണ്ടെത്തി. ഭദ്രക് ജില്ലയിലെ കുടുംബവീട്ടിലും കട്ടക്കിലെ ഓഫീസിലും ഒരേസമയം റെയ്ഡുകൾ നടന്നു. അഴിമതി നിരോധന നിയമപ്രകാരം മൊഹന്തിക്കെതിരെ കേസെടുത്തിട്ടുണ്ട്.

