This Content Is Only For Subscribers
ക്ഷേത്രങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും ഏറെ പ്രസിദ്ധമാണ് തമിഴ്നാട്. തഞ്ചാവൂരും കാഞ്ചീപുരവും ആണ് ഈ പട്ടികയിൽ മുൻ നിരയിലുള്ളത്. എന്നാൽ ബംഗാൾ ഉൾക്കടലിൻ്റെ ശാന്തമായ തീരത്ത് സാംസ്കാരിക പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അടയാളമായി നിലകൊള്ളുന്ന ഒരു കൊച്ചു പട്ടണമാണ് മഹാബലിപുരം (Mahabalipuram). ഈ തീരദേശ ഗ്രാമം അതിമനോഹരമായ ക്ഷേത്രങ്ങളാലും സങ്കീർണ്ണമായ കൊത്തുപണികളാലും ഏറെ സമ്പന്നമാണ്. മാമല്ലപുരമെന്ന് അറിയപ്പെടുന്ന മഹാബലിപുരം, പല്ലവ രാജാവായിരുന്ന മാമല്ലൻ്റെ പേരിലാണ് ഓർക്കപ്പെടുന്നത്. ദ്രാവിഡ തച്ചുശാസ്ത്ര വൈഭവത്തിൻ്റെ കമനീയമായ കലവറയാണ് മഹാബലിപുരം. ഇവിടുത്തെ ഓരോ കല്ലിനും പറയുവാൻ ഉണ്ട് നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും കഥകൾ. സമുദ്ര നിരപ്പിൽ നിന്നും 12 മീറ്റർ ഉയരത്തിലാണ് മഹാബലിപുരം സ്ഥിതിചെയ്യുന്നത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 56 കിലോമീറ്റർ ദൂരമാണ് മഹാബലിപുരത്തേക്കുള്ളത്.
മഹാബലിപുരത്തെ ഒരു പൈതൃക നഗരം എന്നതിലുപരി ക്ഷേത്രങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കുവാൻ സാധിക്കും, 40 ലേറെ ക്ഷേത്രങ്ങളാണ് ഈ കൊച്ചു പട്ടണത്തിൽ ഉള്ളത്. ഷോർ ടെമ്പിൾ , ഗുഹ ക്ഷേത്രങ്ങൾ, മഹിഷാസുര മർദ്ധിനി ഗുഹാക്ഷേത്രം, ഒലകണ്ണേശ്വര ക്ഷേത്രം, പഞ്ചരഥങ്ങൾ എന്നിവ മഹാബലിപുരത്തിൻ്റെ പ്രധാന ആകർഷണമാണ്. പുരാതന കരകൗശല വിദഗ്ധരുടെ കലാപരമായ വൈദഗ്ധ്യത്തിൻ്റെയും എഞ്ചിനീയറിംഗ് ചാതുര്യത്തിൻ്റെയും തെളിവായി മഹാബലിപുരത്തെ ക്ഷേത്രങ്ങൾ എല്ലാം തന്നെ കല്ലിൽ കൊത്തിയെടുത്തവയാണ്. മൂന്നാം നൂറ്റാണ്ടുമുതൽ ഒൻപതാം നൂറ്റാണ്ടുവരെ ഇവിടം ഭരിച്ചിരുന്ന പല്ലവ രാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത് എന്ന് കണക്കാക്കുന്നു. ഏഴാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിലാണ് ഇവിടുത്തെ ശിൽപങ്ങളും കൊത്തുപണികളും നിർമ്മിക്കപ്പെട്ടത്. പല്ലവരുടെ ഭരണ ശേഷം ചോളന്മാർ പട്ടണത്തിൻ്റെ പകിട്ടിനെ അതുപോലെ കാത്ത് സൂക്ഷിച്ചു.
മഹാബലിപുരത്തിൻ്റെ കാഴ്ചകളുടെ വിസ്മയ ലോകം..
ഒലകണ്ണേശ്വര ക്ഷേത്രം
മഹാബലിപുരത്തിൻ്റെ ശോഭയെന്ന് തന്നെ ഒലകണ്ണേശ്വര ക്ഷേത്രത്തിനെ വിശേഷിപ്പിക്കുവാൻ സാധിക്കും. ഏറ്റവും പഴയ ലൈറ്റ്ഹൗസ് എന്ന് അറിയപ്പെടുന്ന ക്ഷേത്രം വലിയ ഒരു കരിങ്കല്‍പാറയുടെ മുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. മഹിഷാസുര മർദ്ധിനി ഗുഹയ്ക്ക് മുകളിലാണ് ക്ഷേത്രത്തിൻ്റെ സ്ഥാനം. എട്ടാം നൂറ്റാണ്ടിൽ പല്ലവ രാജവംശ കാലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഒലകണ്ണേശ്വര ക്ഷേത്രത്തെ പഴയ ലൈറ്റ്ഹൗസ് എന്ന് വിശേഷിപ്പിക്കുവാൻ കാരണം, പണ്ടുകാലങ്ങളിൽ ക്ഷേത്രത്തിൻ്റെ മേൽക്കൂര വിളക്കുമാടമായി ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നത് കൊണ്ടാണ്. ക്ഷേത്രത്തിൻ്റെ പ്രധാന പ്രതിഷ്ഠ ശിവനായിരുന്നു, എന്നാൽ 18-ാം നൂറ്റാണ്ടിൻ്റെ അവസാനമോ 19-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലോ വിഗ്രഹം മോഷ്ടിക്കപ്പെട്ടു. ഇതോടെ ക്ഷേത്രത്തിലെ ആരാധന അവസാനിപ്പിക്കുകയായിരുന്നു.
പഞ്ചരഥങ്ങൾ
ഒറ്റക്കല്ലിൽ കൊത്തിയെടുത്ത അഞ്ച് രഥങ്ങളാണ് പഞ്ചരഥങ്ങൾ. പാണ്ഡവ സംഘത്തിനും പാഞ്ചാലിക്കുമായി ഒരുക്കിയ രഥമാണിത്. രഥങ്ങളിൽ ഏറ്റവും വലുത് പഞ്ചപാണ്ഡവരിൽ ഏറ്റവും മുതിർന്ന സഹോദരനായ യുധിഷ്ഠിരനാണ്. ഏറ്റവും ചെറിയ രഥം ഇളയ സഹോദരന്മാരായ നകുലനും സഹദേവനും ആണ്, ഇരുവർക്കുമായി ഒരൊറ്റ രഥമാണ് സമർപ്പിച്ചിരിക്കുന്നത്. ഈ രഥങ്ങളിൽ ഏറ്റവും കരുത്തുറ്റത് എന്ന് തോന്നിക്കുന്ന രഥം ഭീമനായും സമർപ്പിച്ചിരിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ പല്ലവ രാജാവായിരുന്ന മഹേന്ദ്രവർമ്മൻ്റെയും അദ്ദേഹത്തിൻ്റെ മകനായ നരസിംഹവർമ്മൻ ഒന്നാമൻ്റെയും കാലത്താണ് രഥങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഈ അഞ്ച് രഥങ്ങളും അഞ്ച് വ്യത്യസ്ത രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പാഞ്ചാലിയുടെ രഥത്തിൽ ദുർഗ്ഗാ രൂപവും കാണുവാൻ സാധിക്കുന്നതാണ്.
മഹിഷാസുര മർദ്ധിനി ഗുഹാക്ഷേത്രം
ഒരൊറ്റ പാറ കൊത്തിയാണ് മഹിഷാസുര മർദ്ധിനി ഗുഹാക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മഹിഷാസുര മർദ്ധിനി ഗുഹാക്ഷേത്രത്തിന് മുകളിലാണ് ഒലകണ്ണേശ്വര ക്ഷേത്രത്തിൻ്റെ സ്ഥാനം. അനന്ത ശയനവും മഹിഷാസുര വധവും ബുദ്ധനും ക്ഷേത്രത്തിൻ്റെ അകത്തെ ഭിത്തികളിൽ കൊത്തിവച്ചിട്ടുണ്ട്. യമപുരി ക്ഷേത്രമെന്നും ഇതിനെ അറിയപ്പെടുന്നു.
ഷോർ ടെമ്പിൾ
ബംഗാള്‍ ഉള്‍ക്കടലുമായി മുഖാമുഖം നിലകൊള്ളുന്നു ഷോർ ടെമ്പിൾ, കടല്‍ക്കരൈ കോയില്‍ എന്നും ഇവിടം അറിയപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ പല്ലവ രാജാവായ മഹേന്ദ്രവർമ്മൻ്റെ കാലത്താണ് ഈ ക്ഷേത്രവും പണിതിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ കല്ലില്‍ കൊത്തിയെടുത്ത ക്ഷേത്രങ്ങളില്‍ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് ഷോര്‍ ടെമ്പിള്‍.
Summary
Mahabalipuram, also known as Mamallapuram, is a historic coastal town in Tamil Nadu renowned for its UNESCO-listed Group of Monuments and stunning 7th-century rock-cut architecture. As a major port city of the Pallava dynasty, it features iconic structures like the Shore Temple, the monolithic Pancha Rathas, and the world’s largest open-air bas-relief, Arjuna’s Penance.

