വൈകുന്നേരം ചായയോടൊപ്പം കഴിക്കാൻ നല്ല ചൂട് മുട്ട ബജി (Egg Baji) ആയാലോ. . . രുചികരമായി നല്ല ചൂട് മുട്ട ബജി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
മുട്ട – 4 എണ്ണം (വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് കൂട്ടാം)
സവാള – 2
പച്ചമുളക് – 2
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളുത്തുള്ളി – 2 അല്ലി
ഇഞ്ചി – ഒരു കഷ്ണം
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഗരം മസാല – ഒരു നുള്ള്
മൈദ – 2 കപ്പ്
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി രണ്ടായി മുറിച്ച് മഞ്ഞക്കുരു മാറ്റി വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം കൊത്തി അരിഞ്ഞ സവാള നന്നായി വഴറ്റുക. അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക, ശേഷം മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം മാറ്റിവെച്ച മുട്ടയുടെ മഞ്ഞക്കുരു പൊടിച്ച് ഇതിലേക്ക് ചേർത്ത് യോജിപ്പിച്ച് തണുക്കാൻ വയ്ക്കുക.
എന്നിട്ട് വറുക്കുന്നതിനായി മൈദ മാവ് തയ്യാറാക്കാം. തണുത്ത മസാല മുട്ടയുടെ മഞ്ഞക്കുരു രൂപത്തിൽ ഉരുട്ടി മുറിച്ചു വെച്ച മുട്ടയുടെ വെള്ളയിൽ വെച്ച് മാവിൽ മുക്കി പൊരിച്ചെടുക്കുക. മുട്ട ബജി റെഡി.

