തിരുവനന്തപുരം: നഗരവാസികൾക്കായി വിപുലമായ ചികിത്സാ-ഭക്ഷണ-തൊഴിൽ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് ആണ് ബജറ്റ് അവതരിപ്പിച്ചത്. മുൻ ഭരണസമിതിയുടെ പ്രവർത്തനരീതികളെ വിമർശിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ബജറ്റിൽ, പശ്ചാത്തല വികസനത്തിനായി വൻ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.(Deputy Mayor with big projects in Thiruvananthapuram Corporation budget)
നഗരത്തിൽ വീടില്ലാത്തവർക്കായി കോർപ്പറേഷൻ നേരിട്ട് വീട് നിർമ്മിച്ചു നൽകും. കൂടാതെ പി.എം.എ.വൈ പദ്ധതിക്കായി 20 കോടി വകയിരുത്തി. വിശപ്പില്ലാത്ത നഗരം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന അടൽ കാന്റീനുകൾക്കായി 2 കോടിയും വകയിരുത്തിയിട്ടുണ്ട്. ഒരു കോടി രൂപ ചെലവിൽ കോർപ്പറേഷൻ നേരിട്ട് സൂപ്പർമാർക്കറ്റ് ആരംഭിക്കും.
എച്ച്.എൽ.എല്ലുമായി സഹകരിച്ച് സിറ്റി സ്കാനിംഗ്, എം.ആർ.ഐ സൗകര്യങ്ങളുള്ള സെന്റർ (1.5 കോടി). നഗരത്തിലെ 50 കേന്ദ്രങ്ങളിൽ സാമ്പിൾ കളക്ഷൻ സെന്ററുകൾ തുടങ്ങും. കോമൺവെൽത്ത് ഗെയിംസ് പോലുള്ളവ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ഓഫീസ് ആരംഭിക്കും. നോർക്കയുമായി ചേർന്ന് വിദേശ ഭാഷാ പരിശീലനം നൽകും. തിരുവനന്തപുരത്തെ രാജ്യത്തെ ആദ്യ വയോജന സൗഹൃദ നഗരമാക്കാൻ 5 കോടി വകമാറ്റി.
പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് സ്പിരിച്വൽ സർക്യൂട്ട് (50 ലക്ഷം). 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തൊഴിലുറപ്പാക്കാൻ 5 കോടി. 200 അത്യാധുനിക ശുചിമുറികൾ സ്ഥാപിക്കാൻ 20 കോടി. ഷെൽട്ടറുകൾക്കും എബിസി സെന്ററുകൾക്കുമായി 6 കോടി. നേമത്ത് മൾട്ടിപ്ലക്സ് കോംപ്ലക്സ് (2 കോടി), പുത്തൻപാലം ടൗൺഷിപ്പ് (5 കോടി). സ്വയംതൊഴിൽ പരിശീലനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായി ഏകദേശം ഒരുകോടി രൂപ. നഗരത്തെ ഫ്ലക്സ് പോസ്റ്റർ വിമുക്തമാക്കാനും ആധുനിക മാതൃകാ റോഡുകൾ നിർമ്മിക്കാനും ബജറ്റിൽ തുക നീക്കിവച്ചിട്ടുണ്ട്.

