Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala
HomeNationalസാർത്ഥക് നാം അഭിയാൻ: സ്കൂൾ കുട്ടികൾക്ക് 'നല്ല പേര്' ലഭിക്കാൻ രാജസ്ഥാൻ...

സാർത്ഥക് നാം അഭിയാൻ: സ്കൂൾ കുട്ടികൾക്ക് ‘നല്ല പേര്’ ലഭിക്കാൻ രാജസ്ഥാൻ സർക്കാരിൻ്റെ പദ്ധതി | Student

🎙️ Latest Podcast

ജയ്പൂർ: സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ അപഹാസ്യവും മോശവുമായ പേരുകൾ മാറ്റി അർത്ഥവത്തായ പുതിയ പേരുകൾ നൽകാൻ രാജസ്ഥാൻ സർക്കാർ പുതിയ പ്രചാരണം ആരംഭിച്ചു. കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും പരിഹാസങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘സാർത്ഥക് നാം അഭിയാൻ’ നടപ്പിലാക്കുന്നത്.(Saarthak Naam Abhiyan, Rajasthan’s push to change odd student names)

കുട്ടിക്കാലത്ത് കൗതുകത്തിന് ഇടുന്ന ഷേരു, ശൈത്താൻ, കാലു, ടിങ്കു തുടങ്ങിയ പേരുകൾ മുതിർന്നു വരുമ്പോൾ കുട്ടികൾക്ക് അപമാനമുണ്ടാക്കാനും അവരുടെ വ്യക്തിത്വ വികസനത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം പേരുകൾ കാരണം കുട്ടികൾ ക്ലാസ്സുകളിൽ സജീവമാകാതിരിക്കാനും സ്കൂളിൽ വരാൻ മടിക്കാനുമുള്ള സാഹചര്യമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മാതാപിതാക്കളുടെ സമ്മതത്തോടെയായിരിക്കും പേര് മാറ്റുന്നത്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് 3,000 ഓളം പേരുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്ക് ആരവ്, അഥർവ്വ, ബാലമുകുന്ദ്, ബദ്രിനാഥ് തുടങ്ങിയ 1,409 പേരുകൾ, പെൺകുട്ടികൾക്ക് ആരാധ്യ, അന്നപൂർണ്ണ, വൈഷ്ണവി തുടങ്ങിയ 1,541 പേരുകൾ എന്നിവയാണ് നൽകുന്നത്.

സാംസ്കാരിക പ്രാധാന്യവും വ്യക്തമായ അർത്ഥവുമുള്ള പേരുകളാണ് ഇതിനായി തിരഞ്ഞടുത്തിരിക്കുന്നത്. ഓരോ പേരിന്റെയും അർത്ഥവും ജ്യോതിഷപരമായ പ്രാധാന്യവും പട്ടികയിൽ നൽകിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ പേര് മാറ്റില്ല. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികൾ വഴിയും പി.ടി.എ മീറ്റിംഗുകൾ വഴിയും അധ്യാപകർ രക്ഷിതാക്കളുമായി ചർച്ച നടത്തും.

പുതിയ പേര് അംഗീകരിച്ചു കഴിഞ്ഞാൽ സ്കൂൾ രേഖകളിൽ അത് പുതുക്കി നൽകും. പുതിയതായി സ്കൂളിൽ ചേരുന്ന കുട്ടികൾക്കും ഈ പട്ടികയിൽ നിന്ന് പേര് തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. സ്കൂൾ രേഖകളിൽ നിന്ന് ജാതിയുമായി ബന്ധപ്പെട്ടതോ ചരിത്രപരമായി അധിക്ഷേപകരമായതോ ആയ പദങ്ങൾ ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പകരം ആദരണീയമായ പേരുകൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞു. വിദ്യാർത്ഥികളുടെ അന്തസ്സും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായാണ് സർക്കാർ ഈ നീക്കത്തെ കാണുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.