മോസ്കോ: ടെലിഗ്രാം മെസ്സഞ്ചർ സ്ഥാപകൻ പാവെൽ ദുറോവിനെതിരെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്നാരോപിച്ച് റഷ്യൻ സർക്കാർ ക്രിമിനൽ അന്വേഷണം ആരംഭിച്ചു (Telegram criminal investigation). റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസിനെ ഉദ്ധരിച്ച് സർക്കാർ പത്രമായ റോസിസ്‌കായ ഗസറ്റയാണ് ഈ വിവരം പുറത്തുവിട്ടത്. റഷ്യൻ ക്രിമിനൽ കോഡിലെ സെക്ഷൻ 205.1 പ്രകാരം ഭീകരവാദത്തിന് സഹായം നൽകിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ലോകമെമ്പാടും നൂറ് കോടിയിലധികം ഉപയോക്താക്കളുള്ള ടെലിഗ്രാം, ക്രിമിനൽ പ്രവർത്തനങ്ങൾക്കും തീവ്രവാദ പ്രചാരണങ്ങൾക്കും താവളമാകുന്നുവെന്ന് റഷ്യൻ അധികൃതർ കുറച്ചുനാളുകളായി ആരോപിക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമിലെ തീവ്രവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും ഇന്റലിജൻസ് ഏജൻസികളുമായി സഹകരിക്കുന്നില്ലെന്നുമാണ് റഷ്യയുടെ പ്രധാന പരാതി. എന്നാൽ ഈ ആരോപണങ്ങളെല്ലാം ടെലിഗ്രാം നിഷേധിച്ചിട്ടുണ്ട്. പാവെൽ ദുറോവ് സ്വന്തം സാമ്പത്തിക നേട്ടത്തിനായി കുറ്റവാളികൾക്ക് ഒത്താശ ചെയ്യുകയാണെന്ന് എഫ്.എസ്.ബി മേധാവി അലക്സാണ്ടർ ബോർട്ട്നിക്കോവ് ആരോപിച്ചു.
അതേസമയം, ടെലിഗ്രാമിന് പകരം റഷ്യ സ്വന്തമായി വികസിപ്പിച്ച ‘മാക്സ്’ എന്ന ആപ്പിലേക്ക് ജനങ്ങളെ മാറ്റാനാണ് റഷ്യയുടെ ഈ നീക്കമെന്ന് ടെലിഗ്രാം അധികൃതർ തിരിച്ചടിച്ചു. കഴിഞ്ഞ ഒരു വർഷമായി റഷ്യൻ സർക്കാർ ‘മാക്സ്’ ആപ്പിനെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ടെലിഗ്രാമിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ട്. റഷ്യൻ സൈനികരും ഉദ്യോഗസ്ഥരും വിവരവിനിമയത്തിനായി ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കുന്നത് രാജ്യരക്ഷയ്ക്ക് ഭീഷണിയാണെന്നും റഷ്യൻ മന്ത്രിമാർ അവകാശപ്പെടുന്നു. എൻക്രിപ്ഷൻ സംവിധാനങ്ങൾ തകർത്തെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കായി നിലകൊള്ളുമെന്നും ദുറോവ് വ്യക്തമാക്കി.
Summary: Russia has launched a criminal investigation into Telegram founder Pavel Durov for allegedly facilitating terrorist activities.

