കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലം തിരിച്ചുപിടിക്കാൻ പി.സി. ജോർജിനെത്തന്നെ (PC George BJP) ബിജെപി കളത്തിലിറക്കിയേക്കും. മണ്ഡലത്തിലെ വിജയസാധ്യതയും ജോർജിന്റെ വ്യക്തിപരമായ സ്വാധീനവും പരിഗണിക്കുമ്പോൾ അദ്ദേഹത്തിന് തന്നെയാണ് പ്രഥമ പരിഗണനയെന്ന് ബിജെപി നേതൃത്വം സൂചിപ്പിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ പൂഞ്ഞാറിൽ മത്സരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്.
എൻഡിഎ മുന്നണിയിൽ ബിഡിജെഎസ് മത്സരിച്ചിരുന്ന സീറ്റാണ് പൂഞ്ഞാർ. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ ഇത്തവണ പൂഞ്ഞാർ ഒഴിഞ്ഞു നൽകാൻ ബിഡിജെഎസ് തയ്യാറായേക്കും. പകരം കോട്ടയമോ കടുത്തുരുത്തിയോ അവർ ആവശ്യപ്പെട്ടേക്കാം.
പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് പാലാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്നുണ്ട്. പാലായും പൂഞ്ഞാറും അടുത്തടുത്ത മണ്ഡലങ്ങളായതിനാൽ അച്ഛനും മകനും ഒരേസമയം മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 40,000-ത്തോളം വോട്ടുകൾ നേടി പി.സി. ജോർജ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി എത്തുമ്പോൾ ത്രികോണ പോരാട്ടത്തിൽ വലിയ അട്ടിമറി നടത്താനാകുമെന്ന് പാർട്ടി വിശ്വസിക്കുന്നു.
പൂഞ്ഞാറിലെ വിജയസാധ്യത മാത്രം പരിഗണിച്ചാകും സ്ഥാനാർഥിയെ തീരുമാനിക്കുകയെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ വ്യക്തമാക്കി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Summary:
Veteran leader P.C. George is likely to be the BJP candidate for the Poonjar constituency in the 2026 Kerala Assembly Election. With BDJS willing to swap the seat, BJP sees George as the strongest contender to win back the segment. His son, Shaun George, is also being considered for the Pala seat.

