തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് രണ്ടര വയസ്സുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാൽ ചക്കിപ്പാറ ഷാനിമ മൻസിലിൽ സിദ്ദീഖ് – ഫാസില ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് ആര്യനാട് പോലീസ് കേസെടുത്തു.(Girl child dies, Police register case against private hospital over alleged medical malpractice)
കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ 19-ാം തീയതിയാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വസ്ത്രങ്ങളുടെ അലർജിയാണെന്നായിരുന്നു അന്ന് ഡോക്ടറുടെ നിഗമനം. തുടർന്ന് ഒരു കണ്ണാശുപത്രിയിൽ കാണിക്കാൻ നിർദ്ദേശിച്ചതനുസരിച്ച് 20-ാം തീയതി അവിടെയും ചികിത്സ തേടിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെ വീട്ടിൽ വെച്ച് കുട്ടിക്ക് ശ്വാസതടസ്സവും തളർച്ചയും അനുഭവപ്പെട്ടു. ഉടൻ തന്നെ വീണ്ടും കാട്ടാക്കടയിലെ പഴയ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ശിശുരോഗ വിദഗ്ധൻ ഉണ്ടായിരുന്നില്ല. മറ്റൊരു ഡോക്ടറാണ് കുട്ടിയെ പരിശോധിച്ചത്. ഓക്സിജൻ നൽകിയ ശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പ്പുകൾ നൽകിയതായും ഇതിന് പിന്നാലെ കുട്ടിയുടെ ഹൃദയമിടിപ്പ് വർധിച്ച് ആരോഗ്യനില തീർത്തും വഷളായതായും ബന്ധുക്കൾ ആരോപിക്കുന്നു. ഉടൻ തന്നെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു.

