ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനത പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തുന്ന വൻ പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിക്കുന്നു ( CJP Demands Dharmendra Pradhan Resignation). സോഷ്യൽ മീഡിയയിൽ രൂപപ്പെട്ട് തെരുവ് പോരാട്ടമായി മാറിയ ഈ മൂവ്മെന്റിൽ പങ്കെടുക്കാൻ നൂറുകണക്കിന് വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളുമാണ് എത്തിയത്. ഡിജിറ്റൽ യുഗത്തിലെ പരീക്ഷാ നടത്തിപ്പിലെ പരാജയങ്ങൾക്കെതിരെയും വിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങൾക്കെതിരെയും ശക്തമായ മുദ്രാവാക്യങ്ങളാണ് സമരപ്പന്തലിൽ ഉയർന്നത്.
പ്രതിഷേധക്കാർ പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ ഉന്നയിക്കുന്നത്. അധ്യാപകർക്ക് കൃത്യമായ പരിശീലനവും വിലയിരുത്തലുകളും നൽകിയതിന് ശേഷം മാത്രമേ വിദ്യാഭ്യാസ രംഗത്ത് പൂർണ്ണമായ ഡിജിറ്റലൈസേഷൻ നടപ്പാക്കാവൂ എന്നതാണ് ഇതിൽ ആദ്യത്തേത്. കഴിഞ്ഞ മൂന്ന് വർഷമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിലെ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം സാധാരണ നിലയിലാക്കണമെന്നും അവിടുത്തെ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ നടപടി വേണമെന്നും സിജെപി ആവശ്യപ്പെടുന്നുണ്ട്.
വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന ചോദ്യപേപ്പർ ചോർച്ചകൾ അവസാനിപ്പിച്ച് മത്സരപരീക്ഷകളിൽ പൂർണ്ണമായ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും യഥാർത്ഥ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പരീക്ഷാ പരാജയങ്ങളെയും ക്രമക്കേടുകളെയും തുടർന്ന് വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന സാഹചര്യത്തിൽ അധികൃതർ കൃത്യമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
Summary: The youth-led Cockroach Janta Party (CJP) has intensified its protest at Delhi’s Jantar Mantar, raising five major demands including the resignation of Union Education Minister Dharmendra Pradhan. The protestors are demanding proper training before total digitalization in education, restoration of normal schooling in strife-torn Manipur, and complete transparency in competitive exams like NEET. Additionally, they urge the government to focus on grassroots student issues and establish institutional accountability regarding students’ mental health and exam-related distress.

