ഗുവാഹത്തി: അസം കോൺഗ്രസിലുണ്ടായ വൻ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു. ഇന്ന് രാവിലെ പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ അധ്യക്ഷൻ ഭുപെൻ ബോറ, നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ രാജി പിൻവലിച്ചു. വർഷങ്ങൾ നീണ്ട പാർട്ടി ബന്ധം അവസാനിപ്പിച്ചുകൊണ്ടാണ് ഭുപെൻ ബോറ ഇന്ന് രാവിലെ എട്ട് മണിക്ക് ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയത്.(Bhupen Borah’s big u-turn, Assam Congress leader withdraws resignation)
തന്നെ പാർട്ടി അവഗണിക്കുകയാണെന്നും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ഭുപെൻ ബോറ രാജിക്കത്തിൽ ആരോപിച്ചിരുന്നു. രാജി വാർത്ത പുറത്തുവന്നതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഭുപെൻ ബോറയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ബോറയെ ‘അസം കോൺഗ്രസിലെ അവസാനത്തെ ഹിന്ദു നേതാവ്’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, നാളെ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുമെന്നും സുരക്ഷിതമായ സീറ്റ് നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ നിലവിലെ അധ്യക്ഷൻ ഗൗരവ് ഗൊഗോയ്അടക്കം ഭുപെൻ ബോറയുടെ വസതിയിലെത്തി ചർച്ച നടത്തി.ചർച്ചയ്ക്കൊടുവിൽ പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരിഹരിച്ചതായും ഭുപെൻ ബോറ കുടുംബത്തിലേക്ക് തിരിച്ചെത്തിയതായും എ.ഐ.സി.സി അറിയിച്ചു. ആശയപരമായ ചില വിത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നും അത് സംഭാഷണത്തിലൂടെ പരിഹരിച്ചതായും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.



