ന്യൂഡൽഹി: പശ്ചിമേഷ്യൻ സമാധാനം ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോർഡ് ഓഫ് പീസിൽ’ അംഗമാകുന്ന കാര്യം ഇന്ത്യ സജീവമായി പരിഗണിക്കുന്നു. യുഎസ് സർക്കാരിൽ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചതായും ഇക്കാര്യം വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നും വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.(Trump’s Board of Peace, India says it is considering the invitation)
ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് ശേഷമുള്ള ഗാസയുടെ പുനർനിർമ്മാണത്തിനും മേഖലയിലെ സ്ഥിരതയ്ക്കും മേൽനോട്ടം വഹിക്കാൻ ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച അന്താരാഷ്ട്ര സംഘടനയാണിത്. ഗാസയിലെ സമാധാനപാലനം മാത്രമല്ല, ആഗോളതലത്തിലുള്ള സമാധാന സംരംഭങ്ങൾക്ക് നേതൃത്വം നൽകുക എന്നതും ഈ ബോർഡിന്റെ ചുമതലയാണ്.
നിലവിൽ സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങി 25-ഓളം രാജ്യങ്ങൾ ഇതിൽ അംഗങ്ങളാകാൻ സമ്മതിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരാനുള്ള ഏത് നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ബോർഡിന്റെ ആദ്യ യോഗം ഈ മാസം 19-ന് നടക്കാനിരിക്കുകയാണ്. എന്നാൽ ഇന്ത്യ ഈ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.



