തിരുവനന്തപുരം: വലിയ സാമ്പത്തിക ബാധ്യതയായി മാറിയ ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ തീർപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം തുടങ്ങി. ഈ മാസം 17-ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇതിൽ നിർണായകമാകും. (Global Ayyappa Sangamam, Crucial Devaswom Board meeting on the 17th)
സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്തുമെന്നായിരുന്നു ബോർഡിന്റെ മുൻ നിലപാടെങ്കിലും, പ്രഖ്യാപിച്ച പലരും പണം നൽകിയിട്ടില്ല. നിലവിൽ 3.4 കോടി രൂപയുടെ നഷ്ടമാണ് ബോർഡിന് കണക്കാക്കുന്നത്. കണക്കുകളിലെ പൊരുത്തക്കേടുകളിൽ ഹൈക്കോടതി ബോർഡിനോട് വിശദീകരണം തേടിയിരുന്നു. 10 ദിവസത്തിനകം റിപ്പോർട്ട് നൽകേണ്ട സാഹചര്യത്തിലാണ് അടിയന്തര നീക്കം. സ്പോൺസർഷിപ്പ് തുക നൽകുമെന്ന് ഉറപ്പുനൽകിയവരിൽ നിന്ന് പണം ഉടൻ ഈടാക്കാൻ ശ്രമിക്കും.
ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികളുടെ ബാധ്യത വരുത്തിവെച്ചതിന് പിന്നാലെ, ഞെട്ടിക്കുന്ന വിവരങ്ങളുമായി ഓഡിറ്റ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസ് താമസത്തിനും നടക്കാത്ത കലാപരിപാടികൾക്കും വരെ ലക്ഷങ്ങൾ ചെലവാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പമ്പ ഗസ്റ്റ് ഹൗസിലെ മുഖ്യമന്ത്രിയുടെ താമസത്തിനായി മാത്രം 2 ലക്ഷം രൂപ ചെലവായി. ഗസ്റ്റ് ഹൗസ് ഇടനാഴിയിലെ ചുവപ്പ് പരവതാനി വിരിക്കാൻ 15,930 രൂപയും വിഐപി ഭക്ഷണത്തിനായി 30,000 രൂപയും ചെലവാക്കി. പമ്പയിൽ ‘നന്ദഗോവിന്ദം ഭജൻസ്’ ഭജനയുടെ പേരിൽ 8 ലക്ഷം രൂപ കൈമാറി. എന്നാൽ അന്ന് അത്തരമൊരു ഭജന സംഘം പരിപാടി നടത്തിയിട്ടില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തി.
ഗസ്റ്റ് ഹൗസിലേക്ക് കട്ടിലും മെത്തയും വാങ്ങാൻ 1,11,365 രൂപയും കോർണർ സോഫയ്ക്കായി 65,000 രൂപയും ചെലവാക്കി. ഇവ ദേവസ്വം സ്വത്തായി മാറ്റിയെന്ന് രേഖകളിലുണ്ടെങ്കിലും ഈ സാധനങ്ങൾ നിലവിൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ടാക്സി ഇനത്തിൽ 10.57 ലക്ഷം രൂപയാണ് ചെലവായത്. ഇതിൽ ഡീസലിന് മാത്രം 7.44 ലക്ഷം രൂപയും ഉൾപ്പെടുന്നു.



