ധാക്ക: ഒന്നര പതിറ്റാണ്ട് നീണ്ട ഷെയ്ഖ് ഹസീന ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) സഖ്യത്തിന് വൻ വിജയം. 300 അംഗ പാർലമെന്റിൽ ബി.എൻ.പി സഖ്യം 209 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചു കഴിഞ്ഞു. (BNP wins in Bangladesh Elections 2026)
തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളികളായ ജമാഅത്തെ ഇസ്‌ലാമിയും സഖ്യകക്ഷികളും 68 സീറ്റുകളിൽ വിജയിക്കുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ, അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബി.എൻ.പി വൈസ് ചെയർമാനുമായ താരിഖ് റഹ്മാൻ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകും.
ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ബി.എൻ.പിയുടെ ശക്തമായ തിരിച്ചുവരവിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നതിന് പിന്നാലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
ആകെ 12.7 കോടി വോട്ടർമാരിൽ 44 ശതമാനവും 18-നും 37-നും ഇടയിൽ പ്രായമുള്ളവരായിരുന്നു. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ കഴിയാതിരുന്ന വലിയൊരു വിഭാഗം യുവാക്കൾ ഇത്തവണ സജീവമായി പോളിംഗിൽ പങ്കെടുത്തു. വോട്ടെടുപ്പിനൊപ്പം തന്നെ ഭരണഘടനാ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്ന ‘ജൂലൈ ചാർട്ടർ’ നടപ്പാക്കണോ എന്ന കാര്യത്തിലും ഹിതപരിശോധന നടന്നു.



