ന്യൂഡൽഹി: ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (Arun Jaitley Stadium) നടന്ന ടി20 ലോകകപ്പ് മത്സരത്തിനിടെ, ബാക്കി വന്ന ശീതളപാനീയങ്ങൾ ജീവനക്കാർ ശേഖരിച്ച് വലിയ കുപ്പികളിലാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ആരാധകർ ഉപയോഗിച്ച കപ്പുകളിൽ നിന്ന് പാനീയങ്ങൾ കുപ്പികളിലേക്ക് പകർത്തുന്നതാണ് വീഡിയോയിലുള്ളത്. ഇവ വീണ്ടും വിൽപ്പനയ്ക്കായി മാറ്റിയതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, സ്റ്റേഡിയത്തിലെ ശുചിത്വ നിലവാരത്തെക്കുറിച്ച് വലിയ ആശങ്കയാണ് ഇത് ഉയർത്തുന്നത്.
രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു ടൂർണമെന്റിനിടെ ഉണ്ടായ ഈ സംഭവം ഇന്ത്യയുടെ സംഘാടന മികവിനെ ചോദ്യം ചെയ്യുന്നതാണ്. ഈ പാനീയങ്ങൾ വിൽക്കാൻ തന്നെയാണോ വെച്ചിരുന്നത് എന്ന് വ്യക്തമല്ലെങ്കിലും, ഇത്തരമൊരു പ്രവർത്തി സ്റ്റേഡിയത്തിനുള്ളിൽ നടന്നത് വലിയ വീഴ്ചയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ദില്ലി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനോ (DDCA) ബിസിസിഐയോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
View this post on Instagram
അതിനിടെ, നമീബിയക്കെതിരായ ഇന്ത്യയുടെ മത്സരം ഇതേ സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കെ സുരക്ഷയും പരിശോധനകളും വർദ്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് തലങ്ങളിലുള്ള സുരക്ഷാ പരിശോധനകൾക്ക് ശേഷമേ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. എന്നാൽ ഭക്ഷണശാലകളിലെ ശുചിത്വം ഉറപ്പാക്കാൻ അധികൃതർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
Summary: A viral video from Delhi’s Arun Jaitley Stadium shows workers reusing leftover drinks during the T20 World Cup, sparking a huge hygiene controversy.



