കൊച്ചി: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരുടെ സംശയകരമായ സാമ്പത്തിക ഇടപാടുകളിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ചിന്റെ ഈ നിർണ്ണായക നടപടി.(High Court orders investigation into money transactions by temporary workers at Sabarimala)
തീർത്ഥാടന കാലയളവിൽ പോസ്റ്റ് ഓഫീസ് വഴി മാത്രം 14 ലക്ഷത്തിലധികം രൂപയുടെ പണമിടപാടുകൾ നടന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ രണ്ട് ജീവനക്കാർ ഒരു ലക്ഷം രൂപയ്ക്ക് മുകളിലും മറ്റ് മൂന്ന് പേർ 25,000 രൂപയിൽ അധികവും അയച്ചിട്ടുണ്ട്. പ്രതിദിനം വെറും 650 രൂപയ്ക്ക് ജോലിക്ക് എത്തുന്നവരാണ് ഈ താൽക്കാലിക ജീവനക്കാർ. സീസൺ അവസാനിക്കുമ്പോൾ മാത്രം ശമ്പളം ലഭിക്കുന്ന ഇവർ, ജോലിയിലായിരിക്കെത്തന്നെ മണിയോഡർ വഴിയും ബാങ്കുകൾ വഴിയും ബന്ധുക്കൾക്ക് വൻതുക അയക്കുന്നത് ദേവസ്വം വിജിലൻസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സംശയകരമായ ഇടപാടുകളെക്കുറിച്ച് ചോദിക്കാൻ വിജിലൻസ് വിളിപ്പിച്ചെങ്കിലും ബന്ധപ്പെട്ട ജീവനക്കാർ ഹാജരാകാൻ തയ്യാറായില്ല. 2025, 2026 വർഷങ്ങളിലെ മണ്ഡല-മകരവിളക്ക് കാലത്തെ ക്രമക്കേടുകളാണ് അന്വേഷണ പരിധിയിൽ വരിക. സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന മുഴുവൻ പണമിടപാടുകളും പരിശോധിക്കണം. മണ്ഡലകാലത്ത് സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ഥിരം-താൽക്കാലിക ജീവനക്കാരുടെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കണം. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിച്ചുകൊണ്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.



