തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ നിന്നായിരിക്കും ജനവിധി തേടുകയെന്ന് സൂചന. സണ്ണി ജോസഫ് സജീവ തെരഞ്ഞെടുപ്പ് രംഗത്തേക്ക് നീങ്ങുന്നതോടെ കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ബെന്നി ബെഹനാൻ എംപിക്ക് നൽകാനാണ് പാർട്ടി തീരുമാനം. (Assembly elections, Sunny Joseph to contest from Peravoor)
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഈ മാസം 20-ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹൈക്കമാൻഡ് ചില പ്രധാന നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ എംഎൽഎമാരിൽ ഭൂരിഭാഗം പേരും സിറ്റിംഗ് സീറ്റുകളിൽ തന്നെ മത്സരിക്കും. ഒന്നോ രണ്ടോ സീറ്റുകളിൽ മാത്രമായിരിക്കും മാറ്റം.
പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൾ പുതിയ സ്ഥാനാർത്ഥികളാകും എത്തുക. പാലക്കാട് മണ്ഡലത്തിലേക്ക് സന്ദീപ് വാര്യർ, കണ്ണൻ ഗോപിനാഥൻ എന്നിവരുടെ പേരുകൾ സജീവ പരിഗണനയിലുണ്ട്. ഇവിടെ ഒരു വനിതാ സ്ഥാനാർത്ഥിയെ നിർത്തുന്നതിനെക്കുറിച്ചും പാർട്ടി ആലോചിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ ഉടൻ നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന നിർദ്ദേശം തെരഞ്ഞെടുപ്പ് സമിതിയിൽ ഉയർന്നിട്ടുണ്ട്. നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ള എംപിമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ലോക്സഭയിലെ അംഗസംഖ്യ കുറയുന്നത് ഒഴിവാക്കാനും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയസാധ്യത വിലയിരുത്തിയും മാത്രമേ എംപിമാർക്ക് ഇളവ് നൽകൂ. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിച്ചാൽ പല പ്രമുഖർക്കും നിയമസഭയിലേക്ക് മത്സരിക്കാൻ കഴിയില്ല.



