ബെംഗളൂരു: ആർ.ടി നഗറിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ സ്ത്രീ ഭർതൃപിതാവ് കഴിഞ്ഞ ആറ് വർഷമായി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2020 മുതൽ താൻ നിരന്തരമായ ഉപദ്രവത്തിന് ഇരയാവുകയാണെന്ന് ഇവർ പരാതിയിൽ വ്യക്തമാക്കുന്നു.(School principal in Bengaluru Sexually abused by father-in-law, Complaint filed)
സ്ത്രീ വീട്ടിൽ തനിച്ചുള്ള സമയങ്ങളിൽ അതിക്രമിച്ചു കയറി മോശമായി പെരുമാറുന്നത് പതിവായിരുന്നു. വീടിനു പുറമെ ഇവർ ജോലി ചെയ്യുന്ന സ്കൂൾ ക്യാബിനിലും ലിഫ്റ്റിനു സമീപം വച്ചും ഇയാൾ അപമര്യാദയായി പെരുമാറി. പീഡന വിവരം പുറത്തുപറഞ്ഞാൽ മക്കളെ ഉപദ്രവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടികളുടെ സുരക്ഷയോർത്ത് വർഷങ്ങളോളം മൗനം പാലിക്കേണ്ടി വന്നുവെന്ന് പരാതിക്കാരി പറയുന്നു. അശ്ലീല പരാമർശങ്ങൾ അടങ്ങിയ കത്തുകൾ നൽകി ഇയാൾ മാനസികമായി പീഡിപ്പിക്കുമായിരുന്നു.
2025 ഡിസംബർ 15-ന് ലിഫ്റ്റിനു സമീപം വച്ച് ഇയാൾ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് എതിർത്തപ്പോൾ യുവതിയുടെ വയറ്റിൽ ശക്തമായി ഇടിച്ചതായും പരാതിയിലുണ്ട്. നേരത്തെ കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് ഇയാളെ താക്കീത് ചെയ്തിരുന്നെങ്കിലും ശല്യം തുടർന്നതോടെയാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.



