തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യു.ഡി.എഫിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി.എൻ. വാസവൻ. സംഗമം പൊളിക്കാൻ യു.ഡി.എഫ് ഗൂഢാലോചന നടത്തിയെന്നും എന്നാൽ ശബരിമല സ്വർണ്ണക്കൊള്ള പുറത്തുവരാൻ ഈ സംഗമം കാരണമായത് യു.ഡി.എഫിന് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.(Sabarimala gold theft has become a boomerang for UDF, Minister VN Vasavan )
അയ്യപ്പ സംഗമത്തിന് സർക്കാർ പശ്ചാത്തല സൗകര്യങ്ങൾ മാത്രമാണ് ഒരുക്കി നൽകിയത്. നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി ലഭിച്ചതായി അറിയാം. ബാക്കി കൃത്യമായ കണക്കുകൾ പറയേണ്ടത് ദേവസ്വം ബോർഡാണെന്നും മന്ത്രി വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിലെ ക്രമക്കേടുകളും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലേക്ക് മാറുകയാണ്. ഹൈക്കോടതിയിൽ എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ സംഗമത്തെക്കുറിച്ച് സുപ്രധാന പരാമർശങ്ങളുണ്ട്. പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന കാലത്ത് നടന്ന ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച തീരുമാനം ദേവസ്വം ബോർഡ് യോഗത്തിന്റെ മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് എസ്.ഐ.ടി കണ്ടെത്തി. സംഗമത്തിനായി ചെലവഴിച്ച ഫണ്ട് വിനിയോഗത്തിൽ വലിയ അവ്യക്തതകളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കിയ സാഹചര്യത്തിൽ, ദേവസ്വം ബോർഡ് ഇതിന് മറുപടി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച അടിയന്തര ബോർഡ് യോഗം വിളിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്തു ദിവസത്തിനുള്ളിൽ വരവ്-ചെലവ് കണക്കുകൾ കൃത്യമായി ബോധിപ്പിക്കാനാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചത്. കണക്കുകൾ പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനെയും കോടതി ചുമതലപ്പെടുത്തി.
ആഗോള അയ്യപ്പ സംഗമം നടത്തിയതിലൂടെ ദേവസ്വം ബോർഡിന് 3.40 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സ്പെഷ്യൽ കമ്മീഷണറുടെ ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫണ്ട് വിനിയോഗത്തിൽ വലിയ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.



