പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഈ മാസം 12-ന് സന്നിധാനത്തെത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശോധനയിൽ ശ്രീകോവിലിന്റെ വിവിധ ഭാഗങ്ങളിലെ സ്വർണപ്പാളികളിൽ നിന്ന് പുതിയ സാമ്പിളുകൾ ശേഖരിക്കും.(Sabarimala gold theft case, Samples to be collected on February 12)
ശ്രീകോവിലിന്റെ വാതിലുകൾ, ദ്വാരപാലക ശില്പങ്ങൾ, മറ്റ് സ്വർണ്ണപ്പാളികൾ എന്നിവയുടെ എല്ലാ ഭാഗങ്ങളും സൂക്ഷ്മമായി പരിശോധിക്കും. സ്വർണ്ണപ്പാളികളുടെ കനം, ഘടന എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. എസ്.ഐ.ടി സംഘത്തോടൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗത്തിലെ വിദഗ്ധരും പരിശോധനയിൽ പങ്കെടുക്കും. ശാസ്ത്രീയ വിശകലനത്തിനായി മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് സാമ്പിളുകൾ അയക്കാനാണ് തീരുമാനം.
പരിശോധനയ്ക്ക് മുന്നോടിയായി പമ്പയിൽ ഉന്നതതല അവലോകന യോഗം ചേരും. ഇതിനുശേഷമായിരിക്കും സന്നിധാനത്തെ പരിശോധനകൾ ആരംഭിക്കുക.നേരത്തെ വി.എസ്.എസ്.സി നടത്തിയ പരിശോധനയിൽ സ്വർണ്ണപ്പാളികളിൽ നിക്കൽ, അക്രിലിക് പോളിമർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് സ്വർണ്ണത്തിൽ കൃത്രിമം നടന്നു എന്ന സംശയം ബലപ്പെടുത്തി. സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനായി ഉപയോഗിക്കുന്ന മെർക്കുറിയുടെ സാന്നിധ്യവും പുതിയ പരിശോധനയിൽ ശ്രദ്ധാകേന്ദ്രമാകും. ഫെബ്രുവരി 19-ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ശബരിമലയിലെ സ്വർണപ്പാളികളിൽ ശാസ്ത്രീയമായ പുനഃപരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. അതീവ പ്രാധാന്യമുള്ള കേസാണെന്ന പരിഗണനയിൽ ഹൈക്കോടതി അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്.
അതേസമയം, ശബരിമലയിലെ കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച സ്വർണ്ണ സംഭാവനകളിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യത്തിൽ ത്വരിത അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്. സ്വർണ്ണത്തിന്റെ അളവിലും കൈമാറ്റത്തിലും അവ്യക്തത നിലനിൽക്കുന്നു എന്ന നിരീക്ഷണത്തെത്തുടർന്നാണ് നടപടി. അന്വേഷണം യു ഡിഎഫ് ഭരണസമിതിയിലേക്കും എത്തിയേക്കും.
ഭക്തർ സംഭാവനയായി നൽകിയ സ്വർണ്ണത്തിന്റെ കൃത്യമായ അളവ്, അത് കൊടിമരത്തിൽ ഉപയോഗിച്ച രീതി എന്നിവയിൽ വ്യക്തത വരുത്തണം. നിലവിലെ രേഖകളിൽ വൈരുദ്ധ്യമുള്ളതിനാൽ അന്വേഷണം അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ പ്രത്യേക കേസെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.



