മുംബൈ: ശമ്പളം വാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ പോക്കറ്റ് കാലിയാകുന്ന കോർപ്പറേറ്റ് ജീവനക്കാരുടെ നിത്യേനയുള്ള പ്രതിസന്ധിക്ക് പുതിയ പരിഹാര നിർദേശവുമായി പ്രമുഖ മാട്രിമോണിയൽ വെബ്‌സൈറ്റായ ‘ഷാദി ഡോട്ട് കോം’ സ്ഥാപകനും ഷാർക് ടാങ്ക് ഇന്ത്യ ജഡ്ജിയുമായ അനുപം മിത്തൽ (Anupam Mittal Bi Monthly Salary Proposal). പരമ്പരാഗതമായി മാസാവസാനമോ അടുത്ത മാസത്തെ ആദ്യ ആഴ്ചയിലോ ഒരുമിച്ച് ശമ്പളം നൽകുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ രീതി മാറ്റണമെന്നും, അതിനുപകരം മാസത്തിൽ രണ്ട് തവണയായി ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം നടപ്പിലാക്കണമെന്നുമാണ് അദ്ദേഹം നിർദേശിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അനുപം മിത്തൽ പങ്കുവെച്ച ഈ വേറിട്ട ആശയം ഇപ്പോൾ കോർപ്പറേറ്റ് മേഖലയിലും ജീവനക്കാർക്കിടയിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഇന്ത്യയിലെ ഭൂരിഭാഗം കമ്പനികളും ഒന്നാം തീയതിയോ അല്ലെങ്കിൽ ഏഴാം തീയതിയോ ആണ് ശമ്പളം നൽകാറുള്ളതെന്നും ബാങ്ക് അവധികളാണെങ്കിൽ ഇത് വീണ്ടും വൈകാറുണ്ടെന്നും അനുപം മിത്തൽ ചൂണ്ടിക്കാണിക്കുന്നു. പാൽ, പത്രം, വാടക, കുട്ടികളുടെ സ്കൂൾ ഫീസ് തുടങ്ങിയ നിത്യനിദാനച്ചെലവുകൾക്കും ഇഎംഐ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ അടച്ചുതീർക്കുമ്പോഴേക്കും ജീവനക്കാരുടെ കൈയിലെ പണം തീർന്നുപോകുന്നതാണ് നിലവിലെ അവസ്ഥ. കൃത്യസമയത്ത് ശമ്പളം ലഭിക്കാത്തത് കാരണം പലർക്കും ഇഎംഐ മുടങ്ങുകയും വാടക വൈകുകയും കടം വാങ്ങേണ്ടി വരികയും ചെയ്യുന്നു. ഇത് ജീവനക്കാരിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും, ഇതൊഴിവാക്കാൻ എല്ലാ മാസവും 15-ാം തീയതിയും 30-ാം തീയതിയും പകുതി വീതം ശമ്പളം നൽകുന്ന രീതി കമ്പനികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്റെ കമ്പനിയിൽ ഈ പരമ്പരാഗത രീതി മാറ്റിയതായും അടുത്ത മാസത്തേക്ക് ശമ്പളം നീട്ടിവെക്കുന്നതിന് പകരം ജോലി ചെയ്യുന്ന മാസത്തിന്റെ അവസാനത്തിൽ തന്നെ ശമ്പളം നൽകാൻ തുടങ്ങിയതായും മിത്തൽ വെളിപ്പെടുത്തി. ശമ്പള വിതരണത്തിലെ ഈ സമയമാറ്റം കമ്പനികൾക്ക് ചെറിയ അക്കൗണ്ടിംഗ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാമെങ്കിലും ജീവനക്കാരുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും വ്യക്തിഗത ക്യാഷ് ഫ്ലോയ്ക്കും ഇത് വലിയ ആശ്വാസം നൽകും. “നിങ്ങൾക്ക് എപ്പോഴാണ് ശമ്പളം ലഭിക്കേണ്ടത്?” എന്ന ചോദ്യത്തോടെ അനുപം മിത്തൽ ആരംഭിച്ച ഈ ചർച്ചയ്ക്ക് അനുകൂലമായും പ്രതികൂലമായും നിരവധി പ്രമുഖരാണ് ഇപ്പോൾ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്.
Summary: Shaadi.com founder and Shark Tank India judge Anupam Mittal suggested that companies should transition to a bi-monthly salary system instead of the traditional monthly payout. He argued that receiving salaries on the 15th and 30th of every month would improve personal cash flow and reduce financial stress for corporate employees. Mittal stated that while this shift might cause minor accounting adjustments for employers, it would effectively prevent employees from falling into debt due to delayed payments.

