കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. ശ്രീകോവിലിന് മുന്നിലെ സ്വർണ്ണപ്പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ കൂടുതൽ വ്യക്തത വരുത്തും. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(Sabarimala gold theft case, Investigation report in High Court today)
വി.എസ്.എസ്.സിയിലെ വിദഗ്ധരുമായി ചർച്ച നടത്തി തയ്യാറാക്കിയ വിശദമായ റിപ്പോർട്ടാണ് എസ്.ഐ.ടി ഇന്ന് സമർപ്പിക്കുക. മുൻപ് സമർപ്പിച്ച റിപ്പോർട്ടിലെ അവ്യക്തതകൾ പരിഹരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എന്നിവരെ ചോദ്യം ചെയ്തതിൻ്റെ വിശദാംശങ്ങളും അടച്ചിട്ട കോടതിമുറിയിൽ കൈമാറും.
സ്വർണ്ണപ്പാളികൾ മാറ്റിയതിൽ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികളുടെ പങ്കിനെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകൾ റിപ്പോർട്ടിലുണ്ടാകും. അന്വേഷണം നിർണ്ണായക ഘട്ടത്തിൽ നിൽക്കെ, കേസിൽ റിമാൻഡിൽ കഴിയുന്ന പ്രമുഖർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ എൻ. വാസു സ്വാഭാവിക ജാമ്യം തേടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് ഇദ്ദേഹം. തന്ത്രിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിലാണ് ജാമ്യം തേടിയിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ കൂടി പരിഗണിച്ചാണ് ജാമ്യ നീക്കം. കവർച്ചയിൽ തനിക്ക് പങ്കില്ലെന്നും ആചാരപരമായ കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്നുമാണ് തന്ത്രിയുടെ വാദം. എന്നാൽ കവർച്ചാ ഗൂഢാലോചനയിൽ തന്ത്രിക്കും പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം നാല് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.



