Sunday, February 8, 2026
HomeNationalറൈറ്റ് ടു ഡിസ്കണക്ട്: ജോലി സമയം കഴിഞ്ഞാൽ ആശയ വിനിമയങ്ങളിൽ നിന്ന്...

റൈറ്റ് ടു ഡിസ്കണക്ട്: ജോലി സമയം കഴിഞ്ഞാൽ ആശയ വിനിമയങ്ങളിൽ നിന്ന് ജീവനക്കാർക്ക് വിട്ടു നിൽക്കാം, നിർണായക ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് AA റഹീം എം പി | Right to Disconnect Bill

ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശം നൽകുന്ന ‘റൈറ്റ് ടു ഡിസ്കണക്ട്’ സ്വകാര്യ ബിൽ എ.എ. റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. രാജ്യസഭയിൽ ഈ വിഷയം ബില്ലായി അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് അദ്ദേഹം. (AA Rahim MP introduces Right to Disconnect Bill in Rajya Sabha)

വർദ്ധിച്ചുവരുന്ന ജോലിഭാരവും ഡിജിറ്റൽ സമ്മർദ്ദവും ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം. നിശ്ചിത ജോലിസമയത്തിന് ശേഷം വരുന്ന ഫോൺ കോളുകൾ, ഇമെയിലുകൾ, സന്ദേശങ്ങൾ എന്നിവയോട് പ്രതികരിക്കാതിരിക്കാൻ ജീവനക്കാരന് അവകാശമുണ്ടാകും.

ജോലിക്ക് ശേഷം ലഭ്യമാകാത്തതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാനോ അച്ചടക്ക നടപടികൾ സ്വീകരിക്കാനോ പാടില്ല. ഈ അവകാശം വിനിയോഗിക്കുന്നതിന്റെ പേരിൽ പ്രമോഷനോ മറ്റ് ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടാൻ പാടില്ല. ഓരോ സ്ഥാപനവും തങ്ങളുടെ ‘റൈറ്റ് ടു ഡിസ്കണക്ട്’ നയം ട്രേഡ് യൂണിയനുകളുമായോ ജീവനക്കാരുടെ പ്രതിനിധികളുമായോ ചർച്ച ചെയ്ത് നടപ്പിലാക്കണം.

ഐടി, പ്ലാറ്റ്‌ഫോം സെക്ടർ തുടങ്ങി സേവന മേഖലകളിലെ യുവാക്കളാണ് ഡിജിറ്റൽ യുഗത്തിലെ ‘എപ്പോഴും ഓൺലൈൻ’ ആയിരിക്കണമെന്ന സമ്മർദ്ദം നേരിടുന്നത്. കോവിഡിന് ശേഷം ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതായതായി എ.എ. റഹീം ചൂണ്ടിക്കാട്ടി. ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

റൈറ്റ് ടു ഡിസ്കണക്ട് ബില്ലിന് പുറമെ രണ്ട് പ്രധാന ബില്ലുകൾ കൂടി അദ്ദേഹം അവതരിപ്പിച്ചു. എജ്യുക്കേഷണൽ കൺസൾട്ടൻസീസ് റെഗുലേഷൻ ബിൽ ആണ് ഇതിലൊന്ന്. വിദ്യാഭ്യാസ കൺസൾട്ടൻസികളെ നിയന്ത്രിക്കാനും വിദ്യാർത്ഥികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനും ഇത് ലക്ഷ്യമിടുന്നു. എൻവയോൺമെന്റ് ഭേദഗതി ബിൽ കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള നിയമഭേദഗതിയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates