പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വീണ്ടും ഭീകരാക്രമണം. ലക്കി മർവാത്ത് ജില്ലയിലെ തിരക്കേറിയ നൗറംഗ് ബസാർ ഏരിയയിലുള്ള ഫട്ടക് ചൗക്കിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ സുരക്ഷാ വാഹനത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.(Suicide Attack In Northwest Pakistan Lakki Marwat Deaths Injuries)
സ്ഫോടകവസ്തുക്കൾ നിറച്ച ത്രിചക്ര വാഹനത്തിലാണ് ചാവേർ എത്തിയത്. ജനങ്ങൾ തിങ്ങിനിറഞ്ഞ ചൗക്കിൽ വെച്ച് ചാവേർ ഓട്ടോറിക്ഷ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും ഉൾപ്പെടെ എട്ടുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റ 35 പേരെ സരായ് നൗറംഗിലെ തഹസീൽ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ബന്നു, പെഷവാർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
സംഭവത്തിൽ ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് സുഹൈൽ അഫ്രീദി പോലീസിനോട് വിശദമായ റിപ്പോർട്ട് തേടി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയ അദ്ദേഹം, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. മേഖലയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Story Summary
A suicide attack in Pakistan’s Lakki Marwat district killed eight people, including security personnel, and injured 35. The blast occurred at a busy market when an explosives-laden rickshaw was detonated.

