റിയാദ്: ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട് (Saudi Urges Trump To Avoid Iran War). ഇറാനെതിരായ പുതിയ ആക്രമണം ഗൾഫ് മേഖലയിലെ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും സൗദിയുടെ ദീർഘകാല സാമ്പത്തിക വികസന പദ്ധതിയായ ‘വിഷൻ 2030’ന് തിരിച്ചടിയാകുമെന്നും റിയാദ് ആശങ്കപ്പെടുന്നതായാണ് വിവരം.
ശനിയാഴ്ച ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ ആശങ്ക അറിയിച്ചതെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത്. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാനിയൻ മിസൈൽ ആക്രമണത്തിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന് നേരിട്ട തടസ്സങ്ങൾക്കും പിന്നാലെ ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് ട്രംപ് പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇറാനെതിരെ വലിയ തോതിലുള്ള ആക്രമണം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നാണ് റിയാദിന്റെ പ്രധാന ആശങ്ക. അമേരിക്ക പുതിയ ആക്രമണം നടത്തിയാൽ ഇസ്രയേലിലെയും ഗൾഫ് രാജ്യങ്ങളിലെയും ഊർജ-അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും രാജ്യത്തെ ആഗോള നിക്ഷേപ, ഊർജ, വിനോദസഞ്ചാര, ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള സമഗ്ര പദ്ധതിയാണ് ‘വിഷൻ 2030’. മേഖലയിൽ വീണ്ടും വലിയ യുദ്ധമുണ്ടായാൽ വിദേശ നിക്ഷേപം, വിനോദസഞ്ചാരം, വൻ വികസന പദ്ധതികൾ എന്നിവയെ ബാധിക്കുമെന്ന ആശങ്കയാണ് സൗദി നേതൃത്വത്തിനുള്ളത്.
യെമനിലെ ഹൂത്തി വിമതർക്കെതിരായ ദീർഘകാല സൈനിക നടപടികളിൽ നിന്ന് സൗദി അറേബ്യ ഇതിനകം പാഠം ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് പശ്ചിമേഷ്യൻ വിദഗ്ധർ വിലയിരുത്തുന്നത്. സൈനിക ശക്തി മാത്രം ഉപയോഗിച്ച് ഹൂത്തി ഭീഷണി പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞില്ലെന്നും, മറ്റൊരു വലിയ പ്രാദേശിക സംഘർഷത്തിലേക്ക് നീങ്ങുന്നത് സൗദിയുടെ സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളിലൊന്നായ സൗദി അറേബ്യ, ഇറാനുമായുള്ള സംഘർഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇപ്പോഴും നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അമേരിക്കയോ ഇസ്രയേലോ പുതിയ ആക്രമണം നടത്തുകയോ മറ്റ് രാജ്യങ്ങൾ അതിന് പിന്തുണ നൽകുകയോ ചെയ്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, സംഘർഷം കുറയ്ക്കുന്നതിനും ആഗോള എണ്ണവിതരണത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും സാധാരണ നിലയിലാക്കുന്നതിനുമായി ഖത്തർ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്. ഇറാൻ, അമേരിക്ക, ഒമാൻ എന്നിവിടങ്ങളിലെ പ്രതിനിധികളുമായി ഖത്തർ ഉദ്യോഗസ്ഥർ ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Summary: Saudi Crown Prince Mohammed bin Salman has reportedly urged US President Donald Trump to avoid further military action against Iran. Saudi Arabia fears that a wider regional conflict could threaten Gulf security and undermine its ambitious Vision 2030 economic transformation plan.


