ഹർഗീസ: സൊമാലിലാന്റിലേക്ക് ഇസ്രായേൽ നയതന്ത്ര പ്രതിനിധിയെ അയക്കുമെന്ന പ്രഖ്യാപനത്തെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര യുദ്ധം മുറുകുന്നു. സൗദി അറേബ്യയും പാകിസ്ഥാനും ഉൾപ്പെടെ 15 അറബ്-മുസ്ലിം രാജ്യങ്ങൾ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയപ്പോൾ, ശക്തമായ ഭാഷയിലുള്ള മറുപടിയുമായി സൊമാലിലാന്റ് തിരിച്ചടിച്ചു.(Israel-Somaliland diplomatic move, 15 Muslim countries against it )
ഇസ്രായേലിന്റെ നീക്കം സൊമാലിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് 15 രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. സൗദി അറേബ്യ, പാകിസ്ഥാൻ, ഒമാൻ, കുവൈറ്റ്, ഈജിപ്ത്, സൊമാലിയ, സുഡാൻ, ലിബിയ, ബംഗ്ലാദേശ്, അൾജീരിയ, തുർക്കി, ഇന്തോനേഷ്യ, മൗറിട്ടേനിയ, ജോർദാൻ, ഫലസ്തീൻ അതോറിറ്റി എന്നിവയാണ് പ്രതിഷേധിച്ച രാജ്യങ്ങൾ.
ഹോൺ ഓഫ് ആഫ്രിക്ക മേഖലയുടെ സമാധാനത്തെ തകർക്കുന്ന അപകടകരമായ നീക്കമാണിതെന്ന് ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ കുറ്റപ്പെടുത്തി. സൊമാലിയൻ ജനതയെ പ്രതിനിധീകരിക്കാൻ സൊമാലിയൻ സർക്കാരിന് മാത്രമേ അവകാശമുള്ളൂ എന്നാണ് ഇവരുടെ വാദം. തങ്ങളെ എതിർത്ത രാജ്യങ്ങളെ “കപടവിശ്വാസികൾ” എന്ന് വിശേഷിപ്പിച്ചാണ് സൊമാലിലാന്റ് പ്രതികരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അവർ ഉന്നയിച്ച ചോദ്യങ്ങൾ ചർച്ചയായിരിക്കുകയാണ്.
എന്തുകൊണ്ടാണ് നിങ്ങൾ അൽ-ഷബാബിനെയോ ഐസിസിനെയോ താലിബാനെയോ അപലപിക്കാത്തത്? ഹിസ്ബുള്ളയെയും ഇറാന്റെ ഭീകര ഗ്രൂപ്പുകളെയും കുറിച്ച് എന്താണ് പറയാനുള്ളത്, സൊമാലിലാന്റ് ചോദിച്ചു. ഇസ്രായേലിനോടുള്ള വെറുപ്പും, ഒരു മുസ്ലിം രാഷ്ട്രമായ സൊമാലിലാന്റ് സ്വതന്ത്രമാകുന്നത് തടയാനുള്ള ആഗ്രഹവുമാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്നും അവർ കുറ്റപ്പെടുത്തി. മേഖലയിലെ ഏക ജനാധിപത്യ-സമാധാന രാഷ്ട്രം തങ്ങളാണെന്നും ഇസ്രായേൽ ആ സത്യം തിരിച്ചറിഞ്ഞാണ് സഹകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

