ദുബായ്: ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി (Hormuz Strait Ship Scam). ഇറാനിയൻ അധികൃതർ എന്ന വ്യാജേന കപ്പൽ ഉടമകളെ സമീപിച്ച് സുരക്ഷിത പാത ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്രിപ്‌റ്റോകറൻസി വഴി പണം തട്ടാനാണ് ശ്രമം നടക്കുന്നത്.
ഇറാൻ സർക്കാരിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ ഷിപ്പിംഗ് കമ്പനികൾക്ക് സന്ദേശം അയക്കുന്നത്. ബിറ്റ്‌കോയിൻ (Bitcoin), ടെതർ (Tether) തുടങ്ങിയ ക്രിപ്‌റ്റോകറൻസികൾ വഴി ട്രാൻസിറ്റ് ഫീ നൽകിയാൽ കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകാമെന്നാണ് വാഗ്ദാനം. ഗ്രീക്ക് മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ ‘MARISKS’ ആണ് ഈ തട്ടിപ്പിനെക്കുറിച്ച് ജാഗ്രതാനിർദ്ദേശം നൽകിയത്. ഈ സന്ദേശങ്ങൾ വ്യാജമാണെന്നും ഇറാൻ അധികൃതരുമായി ഇതിന് ബന്ധമില്ലെന്നും ഏജൻസി വ്യക്തമാക്കി. ഫെബ്രുവരി മുതൽ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെ നൂറുകണക്കിന് കപ്പലുകളും ഏകദേശം 20,000 കപ്പൽ ജീവനക്കാരും കടലിൽ കുടുങ്ങിക്കിടക്കുകയാണ്. കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി ഇറാൻ ഔദ്യോഗികമായി ടോൾ ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തിലെ മൊത്തം എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. നിലവിലെ യുദ്ധസാഹചര്യത്തിൽ ടാങ്കർ ഗതാഗതം 70 ശതമാനത്തോളം കുറഞ്ഞത് ആഗോള ഊർജ്ജ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഔദ്യോഗിക ചാനലുകൾ വഴി സ്ഥിരീകരിക്കാതെ യാതൊരുവിധ പണമിടപാടുകളും നടത്തരുതെന്ന് ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Summary: Maritime security firm MARISKS has warned shipowners about fraudsters posing as Iranian authorities to extort money from vessels stranded in the Strait of Hormuz. Scammers are demanding cryptocurrency payments, such as Bitcoin or Tether, in exchange for “safe passage” through the blocked chokepoint. Exploiting the geopolitical tension following US-Israel airstrikes, the scammers mimic Iran’s official proposal for transit tolls. Hundreds of ships remain trapped as the conflict continues to disrupt 20% of global oil trade.

