വാഷിങ്ടൺ: തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ വാർത്ത നൽകിയെന്നാരോപിച്ച് മാഗസിനായ ‘ദി അറ്റ്‌ലാന്റിക്കിനെതിരെ’ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ കോടതിയെ സമീപിച്ചു. മദ്യപാനശീലവും കൃത്യനിർവഹണത്തിലെ വീഴ്ചയും ആരോപിച്ച് മാഗസിൻ പ്രസിദ്ധീകരിച്ച ലേഖനം വസ്തുതാവിരുദ്ധമാണെന്നും തന്നെ പദവിയിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പട്ടേൽ ആരോപിച്ചു.(FBI Director Kash Patel files $250m lawsuit against The Atlantic magazine)
കാഷ് പട്ടേൽ അമിതമായി മദ്യപിക്കുന്നുവെന്നും ജോലിയിൽ നിന്ന് മുന്നറിയിപ്പില്ലാതെ വിട്ടുനിൽക്കുന്നുവെന്നും മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. പട്ടേലിന്റെ ഇത്തരം പെരുമാറ്റങ്ങൾ പൊതുസുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്നും ലേഖനത്തിൽ ആരോപിച്ചിരുന്നു. ലേഖനത്തിലെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ രണ്ട് മണിക്കൂർ മാത്രമാണ് മാഗസിൻ അനുവദിച്ചതെന്ന് പട്ടേലിന്റെ അഭിഭാഷകർ വാദിക്കുന്നു. തങ്ങൾ നൽകിയ വക്കീൽ നോട്ടീസ് അവഗണിച്ചാണ് മാഗസിൻ വാർത്ത പ്രസിദ്ധീകരിച്ചതെന്നും അവർ ആരോപിച്ചു.
തങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയിൽ ഉറച്ചുനിൽക്കുന്നതായി ‘ദി അറ്റ്‌ലാന്റിക്’ വ്യക്തമാക്കി. രണ്ട് ഡസനിലധികം ആളുകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയതെന്ന് റിപ്പോർട്ടർ പറഞ്ഞു. വൈറ്റ് ഹൗസിനോടും നീതിന്യായ വകുപ്പിനോടും 19 വിശദമായ ചോദ്യങ്ങൾ ചോദിച്ചുവെന്നും ആരും വിവരങ്ങൾ നിഷേധിച്ചിട്ടില്ലെന്നും മാഗസിൻ അവകാശപ്പെട്ടു. “കേസ് കൊടുക്കൂ, എല്ലാം നുണയാണ്, നമുക്ക് കോടതിയിൽ കാണാം” എന്നായിരുന്നു പട്ടേലിന്റെ ആദ്യ പ്രതികരണം.
പ്രസിഡന്റ് ട്രംപിന്റെയും കാഷ് പട്ടേലിന്റെയും നേതൃത്വത്തിൽ അമേരിക്കയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ഭരണകൂടത്തിന്റെ ക്രമസമാധാന പാലനത്തിൽ പട്ടേൽ നിർണ്ണായക പങ്കാണ് വഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

