കുപ്പർട്ടിനോ: ടെക് ലോകത്തെ അതികായനായ ആപ്പിളിനെ കഴിഞ്ഞ 15 വർഷമായി നയിച്ച ടിം കുക്ക് സിഇഒ സ്ഥാനമൊഴിയുന്നു. ആപ്പിളിന്റെ സ്ഥാപകൻ സ്റ്റീവ് ജോബ്സിൽ നിന്ന് 2011-ൽ ചുമതലയേറ്റെടുത്ത കുക്ക്, കമ്പനിയെ ആഗോളതലത്തിൽ പുതിയ ഉയരങ്ങളിലെത്തിച്ച ശേഷമാണ് പടിയിറങ്ങുന്നത്. ആപ്പിളിന്റെ ഹാർഡ്‌വെയർ എൻജിനീയറിങ് മേധാവിയായ ജോൺ ടെർനസ് ആണ് പുതിയ സിഇഒ.(End of an era, Tim Cook steps down as Apple CEO)
2026 സെപ്റ്റംബർ 1 വരെ ടിം കുക്ക് സിഇഒ സ്ഥാനത്ത് തുടരും. അതിനുശേഷം അദ്ദേഹം ആപ്പിളിന്റെ ഡയറക്ടർ ബോർഡ് എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലയേൽക്കും. കുക്കിന്റെ നേതൃത്വത്തിൽ ആപ്പിൾ വാച്ച്, ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി പ്ലസ് തുടങ്ങിയ സേവനങ്ങളിലൂടെ കമ്പനി വലിയ മുന്നേറ്റമാണ് നടത്തിയത്. കുക്ക് ചുമതലയേൽക്കുമ്പോൾ 350 ബില്യൺ ഡോളർ വിപണി മൂല്യമുണ്ടായിരുന്ന ആപ്പിൾ, 2018-ൽ 1 ട്രില്യൺ ഡോളർ മൂല്യം കൈവരിക്കുന്ന ആദ്യ യുഎസ് കമ്പനിയായി. 2022-ൽ ഇത് 4 ട്രില്യൺ ഡോളറിലെത്തി.
സ്ഥാനമൊഴിയുന്നതിനോടനുബന്ധിച്ച് ആപ്പിൾ സമൂഹത്തിന് നൽകിയ കത്തിൽ, ആപ്പിൾ സിഇഒ എന്ന പദവി ലോകത്തിലെ ഏറ്റവും മികച്ച ജോലിയാണെന്ന് ടിം കുക്ക് വിശേഷിപ്പിച്ചു. കമ്പനിയുടെ ഉൽപ്പന്നങ്ങൾ ജനങ്ങളുടെ ജീവിതത്തെ എങ്ങനെയെല്ലാം സ്പർശിച്ചു എന്നതിനെക്കുറിച്ച് ഉപയോക്താക്കൾ എനിക്ക് സന്ദേശങ്ങൾ അയക്കാറുണ്ട്. അവരുടെ ജീവിതത്തിന്റെ ചെറിയ ഭാഗങ്ങൾ എന്നോട് പങ്കുവെക്കുന്നതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ഭാവനകളെ ഉണർത്തുന്നതും ജീവിതം സമ്പന്നമാക്കുന്നതുമായ ഒരു കമ്പനിയെ നയിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു, കുക്ക് കത്തിൽ കുറിച്ചു.
പുതിയ സിഇഒയായി ചുമതലയേൽക്കുന്ന ജോൺ ടെർനസിനെ ‘മികച്ച എൻജിനീയറും ചിന്തകനും’ എന്നാണ് കുക്ക് വിശേഷിപ്പിച്ചത്. കഴിഞ്ഞ 25 വർഷമായി ആപ്പിളിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ടെർനസ്. ഓരോ ചെറിയ കാര്യങ്ങളിലും കൃത്യത പുലർത്തുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആപ്പിൾ കൂടുതൽ ഉയരങ്ങളിലെത്തുമെന്നും കുക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിഇഒ സ്ഥാനം ഒഴിയുമെങ്കിലും ആപ്പിൾ ബോർഡിൽ തുടരുമെന്നും താൻ എന്നും കമ്പനിക്കൊപ്പമുണ്ടാകുമെന്നും കുക്ക് ഉറപ്പുനൽകി. തന്റെ ജീവിതം മാറ്റിമറിച്ച എല്ലാ ആപ്പിൾ ഉപയോക്താക്കളോടും അദ്ദേഹം നന്ദി പറഞ്ഞു.

