ദ ഹേഗ്: നെതർലൻഡ്‌സ് രാജകുടുംബാംഗങ്ങളായ കാതറീന അമാലിയ രാജകുമാരി, സഹോദരി അലക്സിയ രാജകുമാരി എന്നിവരെ ലക്ഷ്യമിട്ടുള്ള വധശ്രമ ഗൂഢാലോചന ഡച്ച് അധികൃതർ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവലതുപക്ഷ ചിന്താഗതിക്കാരനായ 33-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാവി രാജ്ഞിയായ അമാലിയയെയും സഹോദരിയെയും നാസി പ്രേരിത ശൈലിയിൽ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.(Dutch Princesses targeted in scary murder plot, suspect found with axes, Nazi symbol)
കഴിഞ്ഞ ഫെബ്രുവരിയിൽ ദ ഹേഗിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മഴുക്കളിൽ ‘അലക്സിയ’, ‘മൊസാദ്’, നാസി അഭിവാദ്യമായ ‘സീഗ് ഹൈൽ’ എന്നീ വാക്കുകൾ കൊത്തിവെച്ചിരുന്നു. കൂടാതെ ‘അമാലിയ’, ‘അലക്സിയ’, ‘രക്തച്ചൊരിച്ചിൽ’ എന്നീ വാക്കുകൾ എഴുതിയ കുറിപ്പും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഡച്ച് സ്വകാര്യതാ നിയമങ്ങൾ പ്രകാരം പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാകും.
നെതർലൻഡ്‌സ് സിംഹാസനത്തിന്റെ അവകാശിയായ അമാലിയ രാജകുമാരിക്ക് നേരെയുള്ള ഭീഷണികൾ ഇതാദ്യമായല്ല. നേരത്തെ ഡ്രഗ് കാർട്ടലുകൾ അമാലിയയെയും അന്നത്തെ പ്രധാനമന്ത്രി മാർക്ക് റുട്ടയെയും തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നു. 2020-ൽ ലൈംഗികാതിക്രമ ഭീഷണിയെത്തുടർന്ന് രാജകുമാരിക്ക് ഒളിവിൽ കഴിയേണ്ടി വന്നു. 2022-ൽ ആംസ്റ്റർഡാമിലെ സ്റ്റുഡന്റ് അക്കൗണ്ടേഷനിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ അവരെ കൊട്ടാരത്തിലേക്ക് മാറ്റി. സുരക്ഷാ ഭീഷണി രൂക്ഷമായതിനെത്തുടർന്ന് 2024-ൽ രഹസ്യമായി സ്പെയിനിലെ മാഡ്രിഡിലേക്ക് മാറിയാണ് അവർ പഠനം പൂർത്തിയാക്കിയത്.
തന്റെ മകളുടെ ജീവിതത്തെ ഈ ഭീഷണികൾ സാരമായി ബാധിച്ചുവെന്ന് മാക്സിമ രാജ്ഞി പറഞ്ഞു. കൊട്ടാരത്തിന് പുറത്തേക്ക് സ്വതന്ത്രമായി ഇറങ്ങാനോ ഒരു സാധാരണ വിദ്യാർത്ഥിയെപ്പോലെ ആംസ്റ്റർഡാമിൽ താമസിക്കാനോ അവൾക്ക് കഴിയുന്നില്ലെന്ന് രാജ്ഞി വേദനയോടെ പങ്കുവെച്ചു. “തെരുവിലൂടെ നടക്കാനും കടകളിൽ പോകാനും സാധാരണ വിദ്യാർത്ഥി ജീവിതം നയിക്കാനും ഞാൻ ആഗ്രഹിക്കുന്നു” എന്ന് അമാലിയ രാജകുമാരിയും മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഏപ്രിൽ 27-ന് രാജകുടുംബം കനത്ത സുരക്ഷയിൽ ‘കിംഗ്സ് ഡേ’ ആഘോഷങ്ങളിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഫെബ്രുവരിയിൽ നടന്ന അറസ്റ്റിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

