ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ അത്‌ലറ്റ് തേജസ്വിൻ ശങ്കർ. പുരുഷന്മാരുടെ ഡെക്കാത്ത്‌ലോണിൽ വെങ്കല മെഡൽ സ്വന്തമാക്കിയാണ് 27-കാരനായ തേജസ്വിൻ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഒരു പ്രമുഖ അന്താരാഷ്ട്ര മൾട്ടി-സ്‌പോർട്‌സ് ടൂർണമെന്റിൽ ഡെക്കാത്ത്‌ലോണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതിയും ഇതോടെ തേജസ്വിന് സ്വന്തമായി.(Tejaswin Shankar Scripts History Wins Bronze In Decathlon At Commonwealth Games 2026)
രണ്ട് വ്യത്യസ്ത അത്‌ലറ്റിക് ഇനങ്ങളിൽ കോമൺവെൽത്ത് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡും തേജസ്വിൻ സ്വന്തം പേരിൽ കുറിച്ചു. 2022-ലെ ബർമിംഗ്ഹാം ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പിൽ അദ്ദേഹം വെങ്കലം നേടിയിരുന്നു.
ആകെ 7,976 പോയിന്റുകൾ നേടിയാണ് ഇന്ത്യയുടെ ദേശീയ റെക്കോർഡ് ഉടമ കൂടിയായ തേജസ്വിൻ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ഗ്രനഡയുടെ വിക്ടർ ലിൻഡൻ (8,096 പോയിന്റ്) സ്വർണ്ണവും കാനഡയുടെ ഡാമിയൻ വാർണർ (8,036 പോയിന്റ്) വെള്ളിയും നേടി. ഒന്നാം ദിവസം 100 മീറ്റർ (10.96 സെക്കൻഡ്), ലോംഗ് ജമ്പ് (7.82 മീറ്റർ), ഷോട്ട്പുട്ട്, ഹൈജമ്പ് (2.15 മീറ്റർ), 400 മീറ്റർ എന്നിവയിലായി 4,339 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തായിരുന്നു.
രണ്ടാം ദിവസം 110 മീറ്റർ ഹർഡിൽസ്, ഡിസ്കസ് ത്രോ, പോൾ വോൾട്ട് എന്നിവയ്ക്ക് ശേഷം റാങ്കിംഗിൽ താഴേക്ക് പോയെങ്കിലും, ജാവലിൻ ത്രോയിലെ മികച്ച പ്രകടനവും അവസാന 1500 മീറ്റർ മത്സരത്തിലെ മിന്നും നേട്ടവും (704 പോയിന്റ്) അദ്ദേഹത്തെ മെഡൽ തിരികെ പിടിക്കാൻ സഹായിച്ചു. ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവും നിലവിലെ ഏഷ്യൻ ചാമ്പ്യനുമായ തേജസ്വിൻ ശങ്കർ, അമേരിക്കയിലെ കാൻസസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ താരമാണ്.
Story Summary
Tejaswin Shankar created history by becoming the first Indian athlete to win a Commonwealth Games medal in the men’s decathlon, securing bronze at the 2026 Games. He also became the first Indian to win Commonwealth medals across two different athletics disciplines.


