അബുദാബി: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇക്ക് അത്യാധുനിക ലേസർ പ്രതിരോധ സംവിധാനം കൈമാറി ഇസ്രായേൽ. ‘അയൺ ബീം’ എന്ന് പേരിട്ടിരിക്കുന്ന ഈ ലേസർ ആയുധം കുറഞ്ഞ ദൂരപരിധിയിലുള്ള റോക്കറ്റുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ ബാഷ്പീകരിച്ച ഇല്ലാതാക്കാൻ ശേഷിയുള്ളതാണ് (Israel UAE Iron Beam Laser Defense). ഇസ്രായേലും യുഎഇയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിലെ നിർണ്ണായക ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.
ലബനനിൽ നിന്നുള്ള ഹിസ്ബുള്ളയുടെ ആക്രമണങ്ങളെ നേരിടാനാണ് ഇസ്രായേൽ ഈ ലേസർ സംവിധാനം ആദ്യമായി ഉപയോഗിച്ചത്. ഇറാന്റെ ഷാഹെദ് ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഈ അത്യാധുനിക സംവിധാനം യുഎഇയെ സഹായിക്കും. ഡ്രോണുകളെ 20 കിലോമീറ്റർ അകലെ വെച്ച് തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ‘സ്പെക്ട്രോ’ (Spectro) എന്ന നിരീക്ഷണ സംവിധാനവും ഇസ്രായേൽ യുഎഇക്ക് നൽകിയിട്ടുണ്ട്.
ഇറാന്റെ ഭാഗത്തുനിന്നും യുഎഇക്ക് നേരെ 500-ലധികം ബാലിസ്റ്റിക് മിസൈലുകളും 2,000-ഓളം ഡ്രോണുകളും തൊടുത്തുവിട്ട സാഹചര്യത്തിലാണ് ഇസ്രായേൽ ഈ സഹായമെത്തിച്ചത്. ഇസ്രായേൽ നിർമ്മിതമായ ‘അയൺ ഡോം’, ‘ബരാക്’, ‘സ്പൈഡർ’ എന്നീ പ്രതിരോധ സംവിധാനങ്ങളും യുഎഇ നിലവിൽ ഉപയോഗിക്കുന്നുണ്ട്. ആയുധങ്ങൾക്കൊപ്പം ഡസൻ കണക്കിന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥരെയും യുഎഇയിൽ വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ മിസൈൽ വിക്ഷേപണങ്ങളെക്കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങളും ഇസ്രായേൽ യുഎഇയുമായി പങ്കുവെക്കുന്നു.
2020-ൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടിക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായത്. ഫെബ്രുവരിയിൽ ഇറാനെതിരെ നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായതും ഇസ്രായേൽ തങ്ങളുടെ അത്യാധുനിക പരീക്ഷണാടിസ്ഥാനത്തിലുള്ള ആയുധങ്ങൾ പോലും യുഎഇക്ക് നൽകാൻ തയ്യാറായതും. അത്യന്തം അപകടകരമായ ഈ യുദ്ധസാഹചര്യത്തിൽ ഇസ്രായേലുമായുള്ള സൗഹൃദം യുഎഇക്ക് വലിയ സുരക്ഷയാണ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Summary: Israel has deployed its advanced “Iron Beam” laser defense system to the UAE to counter incoming Iranian drones and missiles. This high-tech weapon, capable of vaporizing projectiles in mid-air, was previously used against Hezbollah in Lebanon. Alongside the laser system, Israel provided the “Spectro” surveillance system and intelligence sharing to help the UAE defend against a massive assault of 500 ballistic missiles and 2,000 drones. This marks a significant milestone in the defense ties established by the 2020 Abraham Accords, as the regional conflict intensifies following the February strikes on Iran.

