ന്യൂഡൽഹി: ബ്രിട്ടന്റെ പക്കലുള്ള ലോകപ്രശസ്തമായ കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ നൽകാൻ ചാൾസ് രാജാവ് മൂന്നാമൻ തയ്യാറാകണമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി. രാജാവുമായി വ്യക്തിപരമായി സംസാരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ താൻ ഈ ആവശ്യം ഉന്നയിക്കുമെന്ന് മംദാനി പറഞ്ഞു.(Would Encourage King Charles, Zohran Mamdani Backs Kohinoor Return To India)
ബുധനാഴ്ച നടന്ന സെപ്റ്റംബർ 11 സ്മാരക ചടങ്ങിൽ വെച്ച് രാജാവ് ചാൾസും മംദാനിയും സംസാരിച്ചിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിൽ ഈ കാര്യം ചർച്ചയായൊ എന്നതിനോട് പ്രതികരിക്കാൻ മേയറുടെ ഓഫീസോ ബക്കിംഗ്ഹാം കൊട്ടാരമോ തയ്യാറായിട്ടില്ല. 105 കാരറ്റ് തൂക്കമുള്ള കോഹിനൂർ രത്നം വിട്ടുനൽകണമെന്ന് ഇന്ത്യ മുൻപും പലതവണ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
1849-ൽ പഞ്ചാബ് പ്രവിശ്യ പിടിച്ചടക്കിയതിന് പിന്നാലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് അന്നത്തെ ഇന്ത്യൻ ഭരണാധികാരിയിൽ നിന്ന് ഇത് കൈക്കലാക്കിയത്. 1850-ൽ ഇത് വിക്ടോറിയ രാജ്ഞിക്ക് സമ്മാനമായി നൽകുകയായിരുന്നു. രാജ്യത്തിന്റെ ചരിത്രവുമായി ആഴത്തിൽ ബന്ധമുള്ള വിലമതിക്കാനാവാത്ത കലാസൃഷ്ടിയാണ് കോഹിനൂർ എന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകളുടെയും കൊളോണിയൽ അധിനിവേശത്തിന്റെയും അടയാളമായാണ് പല ഇന്ത്യക്കാരും ഇതിനെ കാണുന്നത്.
ന്യൂയോർക്ക് സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച ചാൾസ് രാജാവ് വേൾഡ് ട്രേഡ് സെന്റർ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണ പുതുക്കിയ അദ്ദേഹം ഇരകളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. മുഗൾ ചക്രവർത്തിമാർ, ഇറാാനിലെ ഷാമാർ, അഫ്ഗാനിസ്ഥാനിലെ അമീർമാർ, സിഖ് മഹാരാജാക്കന്മാർ എന്നിവരുടെ കൈവശമിരുന്ന ഈ രത്നം നിലവിൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കിരീട ശേഖരത്തിലെ പ്രധാന ആകർഷണമാണ്.

