ടെഹ്‌റാൻ: ഉപരോധത്തിലൂടെയും മാധ്യമ കൃത്രിമത്വത്തിലൂടെയും രാജ്യത്തെ ദുർബലപ്പെടുത്താനാണ് ശത്രുക്കൾ ശ്രമിക്കുന്നതെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പറഞ്ഞു. രാജ്യത്ത് ഭിന്നതയുണ്ടാക്കുന്ന ഏതൊരു നീക്കവും ശത്രുവിന്റെ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം ഇറാനിയൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇറാനിലെ എല്ലാ ഉദ്യോഗസ്ഥരും പരമോന്നത നേതാവിന്റെ ഉത്തരവുകൾ പാലിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Mohammad Bagher Ghalibaf calls for unity amid reports of internal divisions)
അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിന്ന് ഘാലിബാഫ് മാറിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇറാനിലെ ഭരണനേതൃത്വത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്ന പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനിലെ തീവ്രവാദികളും മിതവാദികളും തമ്മിലുള്ള പോരാട്ടം രൂക്ഷമാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ആഭ്യന്തര ഭിന്നതകളെക്കുറിച്ച് ഘാലിബാഫ് നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, ഏപ്രിൽ 27-ന് ഇറാൻ പാർലമെന്റിലെ 290 അംഗങ്ങളിൽ 261 പേരും ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഘാലിബാഫിന്റെ നേതൃത്വത്തിലുള്ള ചർച്ചാ സംഘത്തിന് പിന്നിൽ രാജ്യം ഉറച്ചുനിൽക്കുന്നുവെന്നതിന്റെ രാഷ്ട്രീയ സൂചനയായാണ് പ്രാദേശിക മാധ്യമങ്ങൾ ഇതിനെ വിലയിരുത്തുന്നത്.

