ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഉൽപ്പാദനച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ മദ്യവില വർദ്ധിപ്പിക്കാൻ അനുമതി തേടി നിർമ്മാതാക്കൾ സംസ്ഥാന സർക്കാരുകളെ സമീപിക്കുന്നു (India Liquor Price Hike). കുപ്പികൾക്കും അലുമിനിയം ക്യാനുകൾക്കും ഉണ്ടായ അമിതമായ വിലക്കയറ്റം മദ്യവ്യവസായ മേഖലയെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഏകദേശം 15 ശതമാനം വരെ വില വർദ്ധനവാണ് കമ്പനികൾ ആവശ്യപ്പെടുന്നത്.
മദ്യക്കുപ്പികളുടെ നിർമ്മാണത്തിന് ആവശ്യമായ പ്രകൃതിവാതകത്തിന്റെ (LNG) ലഭ്യത കുറഞ്ഞതോടെ കുപ്പികൾക്ക് 15-20 ശതമാനം വരെ വില വർദ്ധിച്ചു. പശ്ചിമേഷ്യൻ യുദ്ധം കാരണം അലുമിനിയം വിതരണ ശൃംഖല തടസ്സപ്പെട്ടത് ബിയർ ക്യാനുകളുടെ നിർമ്മാണത്തെയും ബാധിച്ചിട്ടുണ്ട്. ക്യാനുകളുടെയും കുപ്പികളുടെയും അടപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിമർ, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും വലിയ തോതിൽ വില ഉയർന്നു. ഇക്കരണങ്ങളാലാണ് മദ്യവിലകൂട്ടണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.
ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് (IMFL) ഒരു കേസിന് 100 രൂപ മുതൽ 150 രൂപ വരെ വർദ്ധിപ്പിക്കണമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസ് (CIABC) ആവശ്യപ്പെടുന്നത്. ബിയർ മേഖലയിലും സമാനമായ വർദ്ധനവിന് ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (BAI) സമ്മർദ്ദം ചെലുത്തുന്നുണ്ട്. പല സംസ്ഥാനങ്ങളിലും മദ്യവില സർക്കാർ നിയന്ത്രണത്തിലായതിനാൽ, ഔദ്യോഗിക അനുമതി ലഭിക്കാതെ കമ്പനികൾക്ക് വില കൂട്ടാൻ കഴിയില്ല. നിലവിലെ പ്രതിസന്ധി തുടർന്നാൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും ഇത് സർക്കാരുകളുടെ നികുതി വരുമാനത്തെ ബാധിക്കുമെന്നും വ്യവസായ ലോകം മുന്നറിയിപ്പ് നൽകുന്നു.
Story Summary: The Indian liquor industry is demanding an urgent price hike from state governments due to rising production costs triggered by the West Asia crisis. Disruptions in the supply chain have caused a sharp increase in the prices of glass bottles and aluminum cans, putting severe pressure on manufacturers’ margins.

