ന്യൂഡൽഹി: ബംഗ്ലാദേശിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പൊതുവേദിയിൽ എത്താനൊരുങ്ങുന്നു. ഓഗസ്റ്റ് 2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ കഴിയുന്ന ഹസീന, ഈ ആഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന പരിപാടിയിലാണ് പങ്കെടുക്കുന്നത് (Sheikh Hasina Delhi Event). ന്യൂഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് നടക്കുന്ന പരിപാടിയിൽ 78 കാരിയായ ഹസീന പ്രസംഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. സിർ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ക്ലബ്ബിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.
ബംഗ്ലാദേശിലേക്ക് തിരിച്ചുവരാനുള്ള പദ്ധതികളെക്കുറിച്ച് ഹസീന പരിപാടിയിൽ വിശദീകരിച്ചേക്കുമെന്നാണ് സൂചന. മകൻ സജീബ് വസീദ് ജോയ്, മുൻ വിദ്യാഭ്യാസ മന്ത്രി മൊഹിബുൽ ഹസൻ ചൗധരി നോഫെൽ എന്നിവരും പരിപാടിയിൽ സംസാരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ, ഉടൻ തന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഹസീന വ്യക്തമാക്കിയിരുന്നു. ധാക്ക കോടതിയിൽ നിന്ന് വധശിക്ഷ വിധി നേരിട്ടിട്ടും സ്വന്തം തീരുമാനപ്രകാരമാണ് തിരിച്ചുവരുന്നതെന്നും ഇന്ത്യയിൽ തുടരാൻ ന്യൂഡൽഹിയിൽ നിന്ന് യാതൊരു സമ്മർദവും ഇല്ലെന്നും അവർ പറഞ്ഞിരുന്നു. “എന്നെ കൊല്ലാം, അറസ്റ്റ് ചെയ്യാം, ജയിലിലടയ്ക്കാം. എന്റെ ഭാവി എന്തായിരിക്കുമെന്ന് അറിയാം. എന്നിരുന്നാലും ജനങ്ങൾ വിളിക്കുന്നതിനാൽ ഞാൻ മടങ്ങാൻ ആഗ്രഹിക്കുന്നു,” എന്നായിരുന്നു ഹസീന ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അതേസമയം, ബംഗ്ലാദേശിലേക്ക് മടങ്ങിയാൽ ഹസീനയെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ബംഗ്ലാദേശ് നിയമമന്ത്രി എം. അസദുസ്സമാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതിയിൽ നേരിട്ട് കീഴടങ്ങാനുള്ള അവസരം ലഭിക്കുന്നതിന് മുമ്പുതന്നെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് പൗരയായതിനാൽ രാജ്യത്തേക്ക് മടങ്ങാനുള്ള അവകാശം ഹസീനയ്ക്കുണ്ടെങ്കിലും നിയമം അതിന്റെ വഴിക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി. ഹസീനയുടെ പാസ്‌പോർട്ട് ഇടക്കാല സർക്കാർ റദ്ദാക്കിയ സാഹചര്യത്തിലും രാജ്യാതിർത്തിയിൽ പ്രവേശിക്കുന്ന നിമിഷം മുതൽ നിയമപരമായ അധികാരം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024 ഓഗസ്റ്റിൽ വിദ്യാർഥി നേതൃത്വത്തിലുള്ള ശക്തമായ തെരുവ് പ്രതിഷേധങ്ങളെത്തുടർന്നാണ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണത്. തുടർന്ന് അവർ ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇടക്കാല സർക്കാർ നിരോധിക്കുകയും ചെയ്തിരുന്നു. 2025 നവംബറിൽ, 2024ലെ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ ചുമത്തി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഹസീനയ്ക്ക് അഭാവത്തിൽ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹസീനയുടെ നിലപാട്. ഹസീനയുടെ തിരിച്ചുവരവ് സംബന്ധിച്ച പ്രഖ്യാപനം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
Summary: Former Bangladesh Prime Minister Sheikh Hasina is set to make her first public appearance in New Delhi since her ouster in August 2024. She is expected to discuss her possible return to Bangladesh, where authorities have said she could face immediate arrest upon arrival.


