2000 രൂപയുടെ നോട്ടുകള്‍ക്ക് നിയമ പ്രാബല്യം തുടരും: ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ: രാജ്യത്ത് രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചെങ്കിലും നിയമ പ്രാബല്യം തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. നോട്ടുകള്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ വേഗത്തില്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാനാണ് 2000 രൂപയുടെ നോട്ട് രാജ്യത്ത് അവതരിപ്പിച്ചത്. ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയതിനാലാണ് ഉയര്‍ന്ന മൂല്യമുള്ള 2000 രൂപയുടെ നോട്ട് പിന്‍വലിച്ചത്. അതേസമയം, ഇത് നോട്ട് നിരോധനമല്ല മറിച്ച് നിയമപരമായ സാധുത 2000 രൂപയുടെ നോട്ടിന് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2,000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാന്‍ സെപ്റ്റംബര്‍ 30 വരെ സാധിക്കും. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. തിയതി പിന്നിട്ടാലും എപ്പോള്‍ വേണമെങ്കിലും നോട്ട് കൈമാറ്റം അനുവദിക്കുമെന്നാണ് ഇതിൽനിന്നുള്ള സൂചന.
ആര്‍ബിഐയുടെ കറന്‍സി മാനേജുമെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് നോട്ടുകള്‍ മാറ്റിവാങ്ങുന്നത്. ബാങ്കുകളില്‍ തിരിച്ചെത്തുന്ന നോട്ടുകളുടെ കണക്കനുസരിച്ചാകും സമയപരിധി നീട്ടുകയെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കണോ വേണ്ടയോ എന്ന തീരുമാനിക്കുക.
മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐയുടെ പ്രഖ്യാപനം. മുഷിഞ്ഞ നോട്ടുകള്‍ ഒഴിവാക്കുന്നതിനുള്ള നയമനുസരിച്ചാണ് നടപടിയെന്നും ആര്‍ബിഐ പറഞ്ഞിരുന്നു. 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച 2016ലാണ് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്.