'ഗാന്ധി എന്ന പേര് കേൾക്കുമ്പോൾ തന്നെ സർക്കാരിന് വിറളി പിടിക്കുകയാണ്': പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ ജനുവരി 5 മുതൽ കോൺഗ്രസ് രാജ്യ വ്യാപക പ്രതിഷേധത്തിലേക്ക് | Congress

ഗുണഭോക്താവ് അദാനിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു
'ഗാന്ധി എന്ന പേര് കേൾക്കുമ്പോൾ തന്നെ സർക്കാരിന് വിറളി പിടിക്കുകയാണ്': പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ ജനുവരി 5 മുതൽ കോൺഗ്രസ് രാജ്യ വ്യാപക പ്രതിഷേധത്തിലേക്ക് | Congress
Updated on

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങൾക്കെതിരെ ശക്തമായ പോരാട്ടത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയെ ഒഴിവാക്കിയതും നൂറ് തൊഴിൽ ദിനങ്ങളുടെ ഉറപ്പ് അട്ടിമറിച്ചതും സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.(Congress to hold nationwide protests against new employment law from January 5)

ജനുവരി 5 മുതൽ രാജ്യമൊട്ടാകെ പ്രചാരണ പരിപാടികൾ നടത്തും. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് സമാനമായ പോരാട്ടം രാജ്യത്തുണ്ടാകും. ഗാന്ധി എന്ന പേര് കേൾക്കുമ്പോൾ സർക്കാരിന് വിറളി പിടിക്കുകയാണ്. ഗാന്ധി കുടുംബത്തെയും ഗാന്ധിജിയെയും സർക്കാർ വെറുക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ നീക്കമെന്ന് ഖർഗെ പറഞ്ഞു.

നോട്ട് നിരോധനം പോലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മാത്രമെടുത്ത തീരുമാനമാണിത്. ഇതിന്റെ യഥാർത്ഥ ഗുണഭോക്താവ് അദാനിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വകുപ്പ് മന്ത്രി പോലും അറിയാതെയാണ് ഇത്തരം നിർണ്ണായക മാറ്റങ്ങൾ വരുത്തുന്നത്. സംസ്ഥാനങ്ങളോട് പണം കണ്ടെത്താൻ ആവശ്യപ്പെട്ട് കേന്ദ്ര വിഹിതം അദാനിയിലേക്ക് എത്തിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ എന്നാണ് പുതിയ പദ്ധതിയുടെ പേര്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെ പാർലമെന്റ് പാസാക്കിയ ബില്ലിൽ കഴിഞ്ഞ ആഴ്ച രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചു. ഇതോടെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതായി.

പാർലമെന്റിൽ ബില്ല് അവതരിപ്പിച്ച വേളയിൽ എംപിമാർ ബില്ല് വലിച്ചുകീറിയും മഹാത്മാഗാന്ധിയുടെ ചിത്രം ഉയർത്തിയും പ്രതിഷേധിച്ചിരുന്നു. എന്നാൽ വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും ഗ്രാമീണ വികസനം ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതിയെന്നുമാണ് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com