അമൃത്സർ: സുവർണക്ഷേത്രം ഉൾപ്പെടെയുള്ള സിഖ് മതകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന മൂന്ന് നഗരങ്ങളെ 'പുണ്യ നഗരി'കളായി പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. സുവർണക്ഷേത്രം സ്ഥിതിചെയ്യുന്ന അമൃത്സർ, ശ്രീ അനന്ദ്പുർ സാഹിബ്, തൽവണ്ടി സാബോ എന്നീ നഗരങ്ങളെയാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ പുണ്യ നഗരികളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ഇറച്ചി, മീൻ, മദ്യം, പുകയില, മറ്റ് ലഹരിവസ്തുക്കൾ എന്നിവയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.(3 cities declared 'holy cities' in Punjab, Meat and alcohol banned)
പഞ്ചാബ് നിയമസഭ പ്രത്യേകമായി സമ്മേളിച്ച് ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. നിരോധനം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഹോട്ടലുകൾക്ക് പുറത്തുനിന്ന് മാംസം കൊണ്ടുവന്ന് വിഭവങ്ങൾ തയ്യാറാക്കുന്നതിന് തടസ്സമില്ല. എന്നാൽ നഗരപരിധിക്കുള്ളിൽ ഇവയുടെ വിൽപനയോ പരസ്യമായ പ്രദർശനമോ അനുവദിക്കില്ല.
സർക്കാർ തീരുമാനത്തിനെതിരെ പ്രാദേശിക വ്യാപാരികളും ഹോട്ടൽ അസോസിയേഷനുകളും രംഗത്തെത്തി. മുൻകൂർ നോട്ടീസ് നൽകാതെയും ചർച്ചകൾ നടത്താതെയുമുള്ള പ്രഖ്യാപനം നൂറുകണക്കിന് ആളുകളുടെ വരുമാനം ഇല്ലാതാക്കിയെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
ഏതാണ്ട് 150-ലേറെ കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്ന തീരുമാനമാണിത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള കൃത്യമായ പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കണമെന്ന് വ്യാപാരി അസോസിയേഷനുകൾ ആവശ്യപ്പെട്ടു.