രാഹുൽ ഗാന്ധി യു.എസ് സന്ദർശനത്തിന്; മേയ് 28ന് പുറപ്പെടും
Fri, 19 May 2023

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പത്ത് ദിന യു.എസ് സന്ദർശനത്തിന്. മേയ് 28നാണ് പുറപ്പെടുക. മേയ് 31ന് തീരുമാനിച്ച യാത്രയാണ് മൂന്ന് ദിവസം നേരത്തെയാക്കിയത്. മേയ് 29, 30 തിയതികളിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന രാഹുൽ അവിടുത്തെ ഇന്ത്യക്കാരുമായി സംവദിക്കും.
നേരത്തെ, യു.കെ സന്ദർശനത്തിനിടെ രാഹുൽ കേംബ്രിജ് സർവകലാശാലയിൽ ഇന്ത്യയിലെ സർക്കാറിനെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും നടത്തിയ പ്രസംഗം വിവാദമായിരുന്നു.ഇന്ത്യൻ ജനാധിപത്യം വലിയ പ്രതിസന്ധി നേരിടുകയാണെന്നും മാധ്യമങ്ങളും കോടതിയുമെല്ലാം സർക്കാർ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നുമാണ് രാഹുലിന്‍റെ പ്രസ്താവന. ഇത് ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ബി.ജെ.പിയുടെ വിമർശനം.